ആശുപത്രികളിലെ പൂപ്പൽ ബാധ: മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് പ്രീമിയറുടെ അനുശോചനം; കർശന നടപടിക്ക് നിർദ്ദേശം

സിഡ്‌നി: വെസ്റ്റ്‌മീഡിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ അണുബാധയെത്തുടർന്ന് രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് എൻ.എസ്.ഡബ്ല്യു (NSW) പ്രീമിയർ ക്രിസ് മിൻസ്. സംസ്ഥാനത്തെ ആശുപത്രികളിലെ മാരകമായ പൂപ്പൽ (Mould) ബാധയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

ക്യാൻസർ ബാധിതരായി വെസ്റ്റ്‌മീഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന രണ്ട് കുട്ടികളാണ് പൂപ്പൽ ബാധയെത്തുടർന്ന് മരണപ്പെട്ടതെന്ന് തിങ്കളാഴ്ച രാത്രി ‘7NEWS’ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണിതെന്നും മരിച്ച കുട്ടികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രീമിയർ പറഞ്ഞു.

സംസ്ഥാനത്തെ ആശുപത്രികളിലെ അറ്റകുറ്റപ്പണികളിലെ പോരായ്മകളും ശുചിത്വ പ്രശ്നങ്ങളും ഗൗരവമായി പരിശോധിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ആശുപത്രികളിൽ ഇത്തരം അണുബാധകൾ ഉണ്ടാകുന്നത് തടയാൻ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ജനങ്ങളിൽ നിന്ന് വിവരങ്ങൾ മറച്ചുവെക്കില്ലെന്നും പ്രീമിയർ കൂട്ടിചേർത്തു. നേരത്തെ സിഡ്‌നിയിലെ റോയൽ പ്രിൻസ് ആൽഫ്രഡ് (RPA) ആശുപത്രിയിലും സമാനമായ രീതിയിൽ നിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്നുണ്ടായ പൂപ്പൽ ബാധയിൽ രോഗികൾ മരണപ്പെട്ടത് വലിയ വിവാദമായിരുന്നു. ആശുപത്രികളിലെ പശ്ചാത്തല സൗകര്യങ്ങളും എയർ ഫിൽട്ടറേഷൻ സംവിധാനങ്ങളും അടിയന്തരമായി പരിശോധിക്കാൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *