പ്രദേശവാസികളെ ആശങ്കയിലാക്കി മോണ്‍ട്രോസ് ക്വാറിയുടെ വിപുലീകരണം;വിശദീകരണവുമായി ബോറൽ

മെൽബൺ: വിക്ടോറിയയിലെ ഡാറ്റെനോങ് റേഞ്ചസിനോട് ചേർന്നുള്ള മോൺട്രോസ് ബോറൽ ക്വാറി വിപുലീകരിക്കാനുള്ള നീക്കം പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. നൂറുകണക്കിന് വീടുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും സമീപം ക്വാറി പ്രവർത്തനം വ്യാപിപ്പിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും പരിസ്ഥിതിയെ നശിപ്പിക്കുമെന്നുമാണ് കമ്മ്യൂണിറ്റിയുടെ പരാതി.

സംസ്ഥാന സർക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ആവശ്യമായ നിർമ്മാണ സാമഗ്രികൾ നൽകുന്ന സ്ഥാപനമായതിനാൽ, കൗൺസിൽ അനുമതിയില്ലാതെ തന്നെ വിപുലീകരണ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. എന്നാൽ, പദ്ധതിയെക്കുറിച്ച് തങ്ങളോട് ആരും ആലോചിക്കുകയോ വിവരങ്ങൾ നൽകുകയോ ചെയ്തിട്ടില്ലെന്ന് വർഷങ്ങളായി ക്വാറിക്ക് സമീപം താമസിക്കുന്ന ആലിയും മാലും ആരോപിക്കുന്നു. സിലിക്ക പൊടിപടലങ്ങൾ മൂലമുണ്ടാകുന്ന ശ്വാസകോശ രോഗങ്ങൾ, സ്ഫോടനങ്ങൾ കാരണം വീടുകൾക്കുണ്ടാകുന്ന തകരാറുകൾ എന്നിവയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്.

അതേസമയം, പദ്ധതിക്കെതിരെയുള്ള പ്രചാരണങ്ങൾ തെറ്റിദ്ധാരണാജനകമാണെന്ന് ബോറൽ പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ പദ്ധതി പ്രാരംഭഘട്ടത്തിൽ മാത്രമാണെന്നും പരിസ്ഥിതി ആഘാത പഠനത്തിന് (EES) ശേഷമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും കമ്പനി വ്യക്തമാക്കി. വിപുലീകരണത്തിന് അനുമതി ലഭിച്ചാൽ അടുത്ത 30 വർഷത്തേക്ക് കൂടി സാമഗ്രികൾ വിതരണം ചെയ്യാനും നൂറോളം പേർക്ക് ജോലി നൽകാനും പ്രതിവർഷം 31 മില്യൺ ഡോളർ വിക്ടോറിയൻ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യാനും സാധിക്കുമെന്ന് ബോറൽ അവകാശപ്പെടുന്നു. പൊടിയും സ്ഫോടനങ്ങളും നിയന്ത്രിക്കാൻ കൃത്യമായ സംവിധാനങ്ങൾ നിലവിലുണ്ടെന്നും വായുനിലവാരം തത്സമയം നിരീക്ഷിക്കുന്നുണ്ടെന്നും ഇ.പി.എ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.

പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിനായി സർക്കാരിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണ് കമ്പനി. 2027-ഓടെ മാത്രമേ ഈ റിപ്പോർട്ട് പൂർത്തിയാകൂ. പദ്ധതിയുടെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്നും ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുമെന്നും വിക്ടോറിയൻ സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *