മൂഡ്സ്വിങ്സ്

ഉൾപ്പിടച്ചിലുകളുടെ
കടലിരമ്പം
ആവാഹിച്ച്,
ഉത്തരമില്ലാചോദ്യമുനകൾ
ചിന്തകളിൽ
കൊളുത്തിവെച്ച്,
പൊടുന്നനെ നിലച്ചുപോയ
സമയസൂചികളെ നോക്കി
മൗനത്തിന്റെ
ലഹരിനുണഞ്ഞ്,
ഒരുവൾ
കൊടുംഭ്രാന്തിന്റെ
നരച്ച ചേല
ഞൊറിഞ്ഞുടുക്കുകയാണെന്ന്,
അവളുടെ
പുഞ്ചിരിക്കുന്ന
കണ്ണുകളെ നോക്കി
നിങ്ങൾക്കെങ്ങനെ
പറയാനാവും…

ചൂടാറ്റിത്തണുപ്പിക്കുന്നത്
ചുടുചായയല്ല
ചൂടിരച്ചുകയറി
നെരിപ്പോടായിച്ചുവന്ന
അവളുള്ളമാണെന്ന്
വിഷാദത്തെ ഒളിപ്പിച്ചുവെച്ച
അവളുടെ പുഞ്ചിരിനോക്കി നിങ്ങൾക്കെങ്ങനെ പറയാനാകും..

അടുപ്പിലെ
ചാരക്കനലൂതിയൂതിക്കത്തിക്കുന്നത്
തീക്കൊള്ളിയല്ല,
പെരുത്തുമുറ്റിയ
ഉൾക്കോപത്തിളപ്പിന്റെ
ഉണങ്ങാമുറിവുകളാണെന്ന്
അവളുടെ
പ്രസന്നഭാവം നോക്കി
നിങ്ങൾക്കെങ്ങനെ
പറയാനാവും..

മുറുക്കിപ്പിഴിഞ്ഞ് അവൾ തുടച്ചെടുക്കുന്നത് വീടൊച്ചകളെല്ലാം
ചവിട്ടിമെരുക്കിയ
വെറുംനിലമല്ല
ഒളിയിടങ്ങളിലെ
ആത്മഹത്യാമുമ്പിലേക്ക്
കണ്ണീരൊഴുക്കി
തിളക്കമണഞ്ഞുപോയ
വാൽക്കണ്ണുകളാണെന്ന്
ഒന്നുമില്ലെന്നിമചിമ്മുന്ന
അവൾക്കുറുമ്പ് നോക്കി
നിങ്ങൾക്കെങ്ങനെ
പറയാനാവും…

ചിലപ്പോഴൊക്കെ
അവൾക്കുപോലുമജ്ഞാതമായ
നിഗൂഢപ്രതിഭാസത്തിലേക്ക്
അവൾളൂർന്നുവീഴുമ്പോൾ
നിനക്ക് ഞാനുണ്ടെന്ന്
നെറുകിലൊന്ന്
ചുംബിക്കാതെ
നിങ്ങൾക്കെങ്ങനെ അവൾക്കുള്ളിൽ
ജീവിക്കാനാവും..?

Leave a Reply

Your email address will not be published. Required fields are marked *