റബാത്ത്: വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ കനത്ത നാശം വിതച്ച് ‘മാർത്ത’ (Marta), ‘ലിയോനാർഡോ’ (Leonardo) കൊടുങ്കാറ്റുകൾ. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന അതിശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇതുവരെ നാല് പേർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ നിന്ന് 1,54,000-ത്തിലധികം ആളുകളെ ഭരണകൂടം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മൊറോക്കോയിലെ പ്രധാന നദിയായ ലൂക്കോസ് (Loukkos River) കരകവിഞ്ഞൊഴുകിയതാണ് വടക്കൻ മേഖലകളിൽ പ്രളയത്തിന് കാരണമായത്. ഇതോടൊപ്പം അണക്കെട്ടുകൾ പരമാവധി ശേഷിയിൽ എത്തിയതിനെത്തുടർന്ന് വെള്ളം തുറന്നുവിട്ടതും താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി.
സർ ഖസർ എൽ കെബീർ ചരിത്ര നഗരത്തിലെ ജനസംഖ്യയുടെ 85 ശതമാനത്തോളം ആളുകളെയും ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു. നഗരത്തിലേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ടെഹ്‌തുവാനിൽ കാർ ഒഴുക്കിൽപ്പെട്ടാണ് നാല് പേർ മരിച്ചത്. ഇതിൽ മൂന്ന് പേർ കുട്ടികളാണ്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി മൊറോക്കൻ സൈന്യത്തെ (Royal Moroccan Army) വിന്യസിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഒറ്റപ്പെട്ടുപോയവരെ കണ്ടെത്തുന്നത്. ലാരാഷെ, കെനിത്ര, സിദി കാസെം തുടങ്ങിയ നാല് പ്രവിശ്യകളിലാണ് ദുരിതം ഏറ്റവും രൂക്ഷമായിരിക്കുന്നത്. സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഏഴ് വർഷമായി രാജ്യം അനുഭവിച്ചിരുന്ന കടുത്ത വരൾച്ചയ്ക്ക് ഈ മഴയോടെ ശമനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.ഡാമുകളിൽ ആവശ്യത്തിന് വെള്ളമെത്തിയത് കാർഷിക മേഖലയ്ക്ക് ആശ്വാസമാണെങ്കിലും, പെട്ടെന്നുണ്ടായ പ്രളയം ജനജീവിതത്തെ സാരമായി ബാധിച്ചു. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നുണ്ടാകുന്ന ഇത്തരം പ്രകൃതിക്ഷോഭങ്ങളെ നേരിടാൻ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ പര്യാപ്തമല്ലെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മൊറോക്കൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (DGM) ഇന്നും നാളെയും വടക്കൻ പ്രവിശ്യകളിൽ ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ തുടരുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.

