വ്യാപാര രംഗത്ത് ചരിത്രം കുറിച്ച് ‘മദര്‍ ഓഫ് ഓള്‍ ഡീല്‍സ്’; ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ കരാര്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി/ബ്രസല്‍സ്: രണ്ട് പതിറ്റാണ്ട് നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ലോകം കണ്ട ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറുകളിലൊന്നായ ‘ഇന്ത്യ-ഇയു എഫ്.ടി.എ’ (IndiaEU FTA) യാഥാര്‍ത്ഥ്യമായി. ‘മദര്‍ ഓഫ് ഓള്‍ ഡീല്‍സ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കരാര്‍ ആഗോള സാമ്പത്തിക ക്രമത്തില്‍ ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്നതാണ്.

ഈ കരാര്‍ ലോക ജിഡിപിയുടെ 5 ശതമാനത്തെയും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നിനെയും പ്രതിനിധീകരിക്കുന്നു.ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കും യൂറോപ്പിലെ 27 രാജ്യങ്ങളിലെ ദശ ലക്ഷക്കണക്കിന് ആളുകള്‍ക്കും ഇടയില്‍ ഒരു വലിയ സ്വതന്ത്ര വ്യാപാര മേഖല ഇത് സൃഷ്ടിക്കുമെന്ന് മാത്രമല്ല ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും ആഗോള സപ്ലൈ ചെയിന്‍ ശക്തിപ്പെടുത്താനും ഈ കരാര്‍ സഹായിക്കും.അമേരിക്കന്‍ വിപണിയിലെ പുതിയ നികുതി നിയന്ത്രണങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്കും യൂറോപ്പിനും ഇതൊരു വലിയ സുരക്ഷാ കവചമായി മാറും.

വ്യാപാരത്തിനൊപ്പം പ്രതിരോധം, സമുദ്ര സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനം എന്നിവയിലും ഇരുപക്ഷവും സഹകരിക്കും.ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അടുത്ത ദശകത്തിലെ ഏറ്റവും നിര്‍ണ്ണായക മായ നാഴികക്കല്ലായാണ് സാമ്പത്തിക വിദഗ്ധര്‍ ഇതിനെ കാണുന്നത്.

ഈ കരാറിലൂടെ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി വര്‍ദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.ഇന്ത്യയില്‍ നിന്നുള്ള വസ്ത്രങ്ങള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക വിഭവങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയ്ക്ക് യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് നികുതിയില്ലാതെ പ്രവേശനം ലഭിക്കും.

കരാര്‍ പ്രകാരം ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലേക്ക് ഒഴുകുമെന്നാണ് കണക്കാക്കുന്നത്.ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ കരാര്‍ സഹായിക്കും.പ്രത്യേകിച്ച് ഐടി പ്രൊഫഷണലുകള്‍ക്കും നഴ്സുമാര്‍ക്കും മറ്റ് വിദഗ്ധ തൊഴിലാളികള്‍ക്കും യൂറോപ്പില്‍ കൂടുതല്‍ തൊഴില്‍ വിസകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന ‘മൊബിലിറ്റി പാക്ട്’ ഈ കരാറിന്റെ ഭാഗമാണ്.

ആഗോള വിതരണ ശൃംഖലയില്‍ ചൈനയ്ക്കുള്ള ആധിപത്യം കുറയ്ക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയെ ഒരു വിശ്വസ്ത പങ്കാളിയായി കാണുന്നതിലൂടെ പ്രതിരോധം, ഹരിത ഊര്‍ജ്ജം (Green Energy), ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവയില്‍ വലിയ സഹകരണത്തിന് വഴിതുറക്കും.യൂറോപ്പില്‍ നിന്നുള്ള വൈന്‍, സ്‌കോച്ച്, ബിഎംഡബ്ല്യു പോലുള്ള ആഡംബര കാറുകള്‍ എന്നിവയ്ക്ക് ഇന്ത്യയില്‍ വില കുറയും.ഡാറ്റാ സുരക്ഷാ നിയമങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഡിജിറ്റല്‍ വ്യാപാരം സുഗമമാക്കും.

ഇതൊരു വെറും വ്യാപാര കരാറല്ല, മറിച്ച് 21-ാം നൂറ്റാണ്ടിലെ ലോക സാമ്പത്തിക വികസനത്തിന്റെ പുതിയ അധ്യായമാണ്. ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ ഇനി ലോകത്തിന്റെ മുക്കിലും മൂലയിലും തടസ്സമില്ലാതെ എത്തും,’എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിനെ സ്വാഗതം ചെയ്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *