തിരുവനന്തപുരം: കഴക്കൂട്ടത്തെ നാല് വയസ്സുകാരന്റെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്. കുഞ്ഞിനെ കഴുത്തുമുറുക്കി കൊന്നത് താനെന്ന് അമ്മയുടെ സുഹൃത്ത് തന്‍ബീര്‍ ആലം പൊലീസിനോട് പറഞ്ഞു. ഞായറാഴ്ചയാണ് കഴക്കൂട്ടത്തെ ലോഡ്ജിലാണ് ബംഗാള്‍ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകന് ഗില്‍ദാര്‍ കൊല്ലപ്പെട്ടത്. രണ്ട് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലുകള്‍ക്ക് ഒടുവിലാണ് തന്‍ബീര്‍ ആലം കുറ്റസമ്മതം നടത്തിയത്.കഴുത്തില്‍ ടവ്വല്‍ മുറുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നായിരുന്നു കുറ്റസമ്മതം.മുന്നി ബീഗവും തന്‍ബീര്‍ ആലവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.ഇതില്‍ പ്രകോപിതനായാണ് കുഞ്ഞിനെ ആക്രമിച്ചതെന്ന് തന്‍ബീര്‍ പൊലീസിനോട് പറഞ്ഞത്.
തന്‍ബീറിന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.അതേസമയം ചോദ്യം ചെയ്തെങ്കിലും കൃത്യത്തില്‍ മുന്നി ബീഗത്തിന് പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച്ച വൈകീട്ട് ആറ് മണിയോടാണ് ബംഗാള്‍ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകന് നാല് വയസ്സുകാരന് ഗില്‍ദാറെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്.മുന്നി ബീഗവും, മുന്നി ബീഗത്തിന്റെ സുഹൃത്ത് തന്‍ബീര്‍ ആലവും ചേര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയിലെത്തുമ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. തിരുവനന്തപുരം മെഡിക്കല്‍
കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം കഴുത്തിനേറ്റ പരിക്കെന്ന് വ്യക്തമായിരുന്നു. ഒരാഴ്ച മുമ്പാണ് കഴക്കൂട്ടത്തെ ലോഡ്ജില്‍ മുന്നി ബീഗവും തന്‍വീര്‍ ആലവും താമസിക്കാനെത്തിയത്. ഇവര്‍ക്കൊപ്പം മുന്നിബീഗത്തിന്റെ നാലും ഒന്നും വയസ്സുള്ള മക്കളുമുണ്ടായിരുന്നു. ഭാര്യ ഭര്ത്താക്കന്മാര് എന്നായിരുന്നു ഇവര്‍ ലോഡ്ജില്‍ പറഞ്ഞിരുന്നത്. ഭക്ഷണം കഴിച്ച് കിടന്ന കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞായിരുന്നു കുഞ്ഞുമായി ഇന്നലെ ഇവര്‍ ആശുപത്രിയിലെത്തിയത്. കുഞ്ഞിന്റെ കഴുത്തിലെ അസ്വാഭാവിക പാടുകളും ചോരയും കണ്ട് ഡോക്ടര്‍മാരാണ് പൊലീസിനെ വിവരമറിയിച്ചത്. മരണത്തില്‍ തുടക്കത്തിലേ ദുരൂഹത തോന്നിയതിനാല്‍ ഇരുവരെയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയായിരുന്നു.
ആദ്യ ദിവസം തന്നെ ചോദ്യം ചെയ്യലില്‍ തന്‍വീര്‍ ആലം ഭര്‍ത്താവല്ലെന്ന് മുന്നീ ബീഗം സമ്മതിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന്റെ മരണംസംബന്ധിച്ച് കൂടുതല്‍ വിവരം പൊലീസിന് ഇവരില്‍ നിന്ന് കിട്ടിയിരുന്നില്ല. തുടര്‍ച്ചയായി നടത്തിയ ചോദ്യം ചെയ്യലുകള്‍ക്ക് ഒടുവിലാണ് തന്‍വീര്‍ കുറ്റസമ്മതം നടത്തിയത്. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന കുഞ്ഞിന്റെ അച്ഛനും ബന്ധുക്കളും എത്തിയതിന് ശേഷം മൃതദേഹം വിട്ടുനല്‍കും

