പ്രളയക്കെടുതിയിൽ വിറച്ച് മോസാംബിക്; മരണം 150 കടന്നു, ലക്ഷക്കണക്കിന് ആളുകൾ അഭയാർത്ഥികൾ

മാപുട്ടോ: ആഫ്രിക്കൻ രാജ്യമായ മോസാംബിക്കിൽ രണ്ടാഴ്ചയായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു. തെക്കൻ പ്രവിശ്യകളായ ഗാസയിലും മപുട്ടോയിലും ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഏകദേശം എട്ടു ലക്ഷത്തോളം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായും ഇതിൽ അഞ്ചു ലക്ഷത്തിലധികം പേർ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതായും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രാജ്യത്തെ പ്രധാന നദികളായ ലിമ്പോപോയും ഇൻകോമതിയും കരകവിഞ്ഞൊഴുകുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

പ്രളയക്കെടുതിയെത്തുടർന്ന് രാജ്യത്ത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ മറ്റൊരു വെല്ലുവിളിയായി മാറിയിട്ടുണ്ട്. ശുദ്ധജല സ്രോതസ്സുകൾ മലിനമായതോടെ കോളറ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. നൂറുകണക്കിന് ആരോഗ്യ കേന്ദ്രങ്ങളും സ്കൂളുകളും വെള്ളത്തിനടിയിലായതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഐക്യരാഷ്ട്രസഭയും മറ്റ് അന്താരാഷ്ട്ര ഏജൻസികളും അടിയന്തര സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഏകദേശം 60,000 ഹെക്ടറിലധികം കൃഷിഭൂമി നശിച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രധാന പാതകൾ തകർന്നതോടെ ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളിലേക്ക് സൈനിക ഹെലികോപ്റ്ററുകൾ വഴിയാണ് നിലവിൽ ഭക്ഷണവും മരുന്നും എത്തിക്കുന്നത്. വരും ദിവസങ്ങളിലും കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ് ഭീതി വർദ്ധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *