മുണ്ടക്കൈ-ചൂരല്‍മല ;ദുരന്തബാധിതര്‍ക്കായുള്ള മുന്നൂറോളം വീടുകള്‍ ഉടന്‍ കൈമാറുമെന്ന് മുഖ്യമന്ത്രി

വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുളള ടൗണ്‍ഷിപ്പ് നിര്‍മ്മാണ പുരോഗതിയെക്കുറിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തബാധിതര്‍ക്കായുളള മുന്നൂറോളം വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറും. കല്‍പറ്റയില്‍ ടൗണ്‍ഷിപ് നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നുവെന്നും 207 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായിയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയില്‍ കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പുതുവര്‍ഷം ഒരു മഹാദുരന്തമുഖത്ത് നിന്നും സംസ്ഥാനം കരകയറി വരുന്ന സമയമായിരുന്നു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ നടുക്കത്തിലാണ് 2025 ലേക്ക് കേരളം കടന്നത്.

ലോകമെമ്പാടുമുള്ള മലയാളികള്‍ ഒറ്റ മനസ്സോടെയാണ് ദുരന്തബാധിതരോട് ചേര്‍ന്നു നിന്നത്. 2026ലേക്ക് കടക്കുന്നത് മറ്റൊരനുഭവവുമായാണ്. ആ ജനതയെ ചേര്‍ത്തുപിടിച്ച് അവര്‍ക്ക് ഏറ്റവും നല്ലനിലയില്‍ വാസസ്ഥലങ്ങള്‍ ഒരുക്കാന്‍ കഴിയുന്നതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഇന്ന് ഓരോ മലയാളിയുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കല്‍പ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ടൗണ്‍ഷിപ്പ്.. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയില്‍. 35 ക്ലസ്റ്ററുകളിലായാണ് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *