ആലീസ് സ്പ്രിംഗ്‌സ്: ഓസ്‌ട്രേലിയൻ ഔട്ട്ബാക്കിലെ കുപ്രസിദ്ധ കൊലയാളി ബ്രാഡ്‌ലി ജോൺ മർഡോക്കിന്റെ മരണത്തെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണ നടപടികൾ നോർത്തേൺ ടെറിട്ടറി കൊറോണർ എലിസബത്ത് ആർമിറ്റേജിന്റെ നേതൃത്വത്തിൽ ആലീസ് സ്പ്രിംഗ്‌സിൽ നടന്നു. 2001-ൽ ബ്രിട്ടീഷ് ബാക്ക്‌പാക്കർ പീറ്റർ ഫാൽക്കോണിയോയെ വെടിവെച്ചുകൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട മർഡോക്ക്, പീറ്ററുടെ തിരുശേഷിപ്പ് എവിടെയാണെന്ന് വെളിപ്പെടുത്താൻ വിസമ്മതിച്ചുകൊണ്ടാണ് കഴിഞ്ഞ വർഷം ജൂലൈ 16-ന് തൊണ്ടയിലെ ക്യാൻസർ ബാധിച്ച് അന്തരിച്ചത്. മരണസമയത്ത് 67 വയസ്സായിരുന്നു ഇയാൾക്ക്. ആലീസ് സ്പ്രിംഗ്‌സ് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ പോലീസ് കാവലിലായിരുന്നു അന്ത്യം.
കൊലപാതകം നടന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പീറ്റർ ഫാൽക്കോണിയോയുടെ മൃതദേഹം കണ്ടെത്താൻ മർഡോക്ക് പോലീസിനെ സഹായിച്ചിരുന്നില്ല. ശിക്ഷാകാലയളവിലുടനീളം താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട ഇയാൾ, മരിക്കുന്നതിന് തൊട്ടുമുമ്പ് പോലീസ് ഉദ്യോഗസ്ഥർ നടത്തിയ അവസാന ശ്രമത്തോടും സഹകരിച്ചില്ല. പീറ്ററുടെ മാതാപിതാക്കളുടെ വീഡിയോ സന്ദേശം കാണാൻ പോലും തയ്യാറാകാതിരുന്ന മർഡോക്ക്, വിവരങ്ങൾ ചോദിച്ചെത്തിയ ഉദ്യോഗസ്ഥരോട് ആക്രോശിക്കുകയാണ് ചെയ്തതെന്ന് ഹിയറിംഗിൽ വെളിപ്പെട്ടു. നോർത്തേൺ ടെറിട്ടറി കറക്ഷൻ, ആരോഗ്യ വകുപ്പ് പ്രതിനിധികൾ മാത്രമാണ് ഒരു ദിവസം നീണ്ടുനിന്ന ഈ പൊതു ഹിയറിംഗിൽ തെളിവ് നൽകിയത്.
2001 ജൂലൈയിൽ സ്റ്റുവർട്ട് ഹൈവേയിൽ വെച്ച് പീറ്ററിനെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ കാമുകി ജോവാൻ ലീസിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനാണ് മർഡോക്കിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കൈവിലങ്ങുകളിൽ നിന്നും ജോവാന്റെ വസ്ത്രങ്ങളിൽ നിന്നും ലഭിച്ച ഡിഎൻഎ തെളിവുകളാണ് മർഡോക്കിനെ കുടുക്കിയത്. മകന്റെ തിരുശേഷിപ്പ് കണ്ടെത്താൻ കഴിയുമെന്ന നേരിയ പ്രതീക്ഷയിലായിരുന്നു പീറ്ററുടെ മാതാപിതാക്കളായ ലൂസിയാനോയും ജോവാൻ ഫാൽക്കോണിയോയും. മർഡോക്കിന്റെ മരണം തങ്ങളുടെ ചുമലിൽ നിന്നുള്ള വലിയൊരു ഭാരം ഒഴിഞ്ഞതുപോലെയാണെന്ന് അവർ പ്രതികരിച്ചെങ്കിലും, പീറ്ററുടെ മൃതദേഹം കണ്ടെത്താനുള്ള അന്വേഷണം തുടരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. പീറ്ററുടെ ഭൗതികാവശിഷ്ടങ്ങളെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് 5,00,000 ഡോളർ പ്രതിഫലം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

