മാനാഞ്ചിറ സ്‌ക്വയറില്‍ മ്യൂസിക് ഫൗണ്ടെയ്ന്‍ ആരംഭിക്കും -മന്ത്രി മുഹമ്മദ് റിയാസ്

ദീപാലംകൃതമായി കോഴിക്കോട് മാനാഞ്ചിറ. മാനാഞ്ചിറ സ്‌ക്വയറില്‍ എത്തുന്നവര്‍ക്ക് എല്ലാ ദിവസവും ആസ്വദിക്കാവുന്ന തരത്തില്‍ മ്യൂസിക് ഫൗണ്ടെയ്ന്‍ ആരംഭിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് മാനാഞ്ചിറ സ്‌ക്വയറില്‍ ഒരുക്കിയ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട 12 റോഡുകള്‍ വീതികൂട്ടി നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.പുതുവത്സര സമ്മാനമായി മലാപ്പറമ്പ് -മാനാഞ്ചിറ റോഡ് നഗരത്തിന് സമര്‍പ്പിക്കും.സഞ്ചാരികള്‍ക്ക് നഗരഹൃദയത്തിലൂടെ സഞ്ചരിക്കാനാവുന്ന രീതിയില്‍ കനോലി കനാലിന്റെ സാധ്യതകളെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തും. കനോലി കനാലിന്റെ ആഴം കൂട്ടാനും യാത്രാ – ചരക്ക് ഗതാഗതം ഉള്‍പ്പെടെ സാധ്യമാവുന്ന നിലയിലേക്ക് നിലവിലുള്ള ചെറിയ പാലങ്ങള്‍ പൊളിച്ചു ഉയരത്തിലാക്കി വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിങ് സൗകര്യം ഉറപ്പുവരുത്തി മാറ്റാനുമുള്ള പ്രവര്‍ത്തനം 2026ല്‍ ആരംഭിക്കും. ഈ പ്രവര്‍ത്തനങ്ങളെല്ലാം സാധ്യമായാല്‍ കാലിക്കറ്റ് ന്യൂ കാലിക്കറ്റ് ആയി മാറുമെന്നും മന്ത്രി പറഞ്ഞു.

പുതുവത്സരാഘോഷത്തിന് മന്ത്രി കേക്ക് മുറിച്ച് തുടക്കം കുറിച്ചു. ചടങ്ങില്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യാതിഥിയായി. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷനായി.

ഇലൂമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാര്‍മണി’ എന്ന ആശയത്തില്‍ വിനോദസഞ്ചാര വകുപ്പ് ഒരുക്കുന്ന ലൈറ്റ് ഷോ ജനുവരി രണ്ടുവരെ തുടരും. ഉയര്‍ന്ന കമാനാകൃതിയിലുള്ള നടപ്പാത സൃഷ്ടിക്കുന്ന ടണല്‍ ഓഫ് ലൈറ്റ്‌സ്,ചുവപ്പ്,സ്വര്‍ണ നിറങ്ങളിലുള്ള ദി ജയന്റ് ഡ്രാഗണ്‍ എന്നിവ ലൈറ്റ് ഷോയിലെ മുഖ്യ ആകര്‍ഷണങ്ങളാണ്.ഇന്‍സ്റ്റലേഷന്‍ മാതൃകയിലുള്ള ദി ക്രിസ്റ്റല്‍ ഫോറസ്റ്റ്,വലിയ മരങ്ങളിലെ ദീപാലങ്കാരമായ ദി ഇല്യൂമിനേറ്റഡ് ട്രീ ഏരിയ തുടങ്ങിയവയും മറ്റു വ്യത്യസ്തങ്ങളായ രൂപങ്ങളും വെളിച്ചത്തില്‍ തെളിഞ്ഞു. മാതൃകകള്‍ക്കു പുറമെ,മാനാഞ്ചിറക്കു ചുറ്റുമുള്ള മരങ്ങളും നടപ്പാതകളുടെ വശങ്ങളുമെല്ലാം ദീപങ്ങളാല്‍ അലംകൃതമാണ്.

Leave a Reply

Your email address will not be published. Required fields are marked *