മുംബൈ: എട്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാ സംഗീത ലോകത്തെ വിസ്മയിപ്പിച്ച പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശനിയാഴ്ച രാത്രിയാണ് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ത്യൻ സംഗീതത്തിലെ പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്നു ആശാ ഭോസ്ലെ. 1943-ൽ തുടങ്ങിയ ആ സംഗീത യാത്ര ഒമ്പതോളം ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആസ്വാദക ഹൃദയങ്ങളിൽ ഇടംപിടിച്ചു.രാജ്യം ദാദാസാഹേബ് ഫാൽക്കെ അവാർഡും പത്മവിഭൂഷണും നൽകി അവരെ ആദരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഗ്രാമി അവാർഡ് നാമനിർദ്ദേശങ്ങളും അവർക്ക് ലഭിച്ചിട്ടുണ്ട്.ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ ഗിന്നസ് ബുക്കിലും അവർ ഇടംപിടിച്ചിട്ടുണ്ട്
മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും അവർ ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സംഗീത ലോകത്തെ ഒരു യുഗത്തിനാണ് ആശാ ഭോസ്ലെയുടെ വിയോഗത്തോടെ അന്ത്യമാകുന്നത്.പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക നേതാക്കളും സംഗീത പ്രതിഭകളും അവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംഗീത പ്രേമികൾക്ക് ഒരിക്കലും നികത്താനാവാത്ത വലിയൊരു നഷ്ടമാണ് ഈ വിയോഗം.

