മൈ ഭാരത് ജില്ലാ സ്പോർട്സ് മീറ്റ് സമാപിച്ചു; സോക്കർ സ്കൂളിനും അൽ അസർ കോളേജിനും കിരീടം

തൊടുപുഴ: മൈ ഭാരത് ഇടുക്കിയും തൊടുപുഴ സോക്കർ സ്കൂളും സംയുക്തമായി സംഘടിപ്പിച്ച രണ്ടുദിവസത്തെ ജില്ലാ സ്പോർട്സ് മീറ്റ് ആവേശകരമായ സമാപനത്തോടെ അവസാനിച്ചു. ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ സച്ചിൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

വിവിധ വേദികളിലായി നടന്ന വാശിയേറിയ പോരാട്ടങ്ങളിൽ ഫുട്ബോൾ, വോളിബോൾ കിരീടങ്ങൾ തൊടുപുഴയിലെ പ്രമുഖ സ്ഥാപനങ്ങൾ സ്വന്തമാക്കി. ഫുട്ബോൾ ഫൈനലിൽ ന്യൂമാൻ കോളേജിനെ പരാജയപ്പെടുത്തി തൊടുപുഴ സോക്കർ സ്കൂൾ ചാമ്പ്യന്മാരായി. വോളിബോൾ മത്സരത്തിൽ ന്യൂമാൻ കോളേജിനെ തന്നെ കീഴടക്കി അൽ അസർ കോളേജ് തൊടുപുഴ കിരീടം ചൂടി.

തൊടുപുഴ ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയം, ഡി പോൾ പബ്ലിക് സ്കൂൾ, സോക്കർ സ്കൂൾ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ചടങ്ങിൽ സ്പോർട്സ് ആയുർവേദ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് തൊടുപുഴ ജില്ലാ ആയുർവേദ ഹോസ്പിറ്റലിനെ ഉപഹാരം നൽകി ആദരിച്ചു.

സമാപന സമ്മേളനത്തിൽ പി.എസ്. സലിം കുട്ടി അധ്യക്ഷത വഹിച്ചു. അമൽ വി.ആർ സ്വാഗതവും സനീഷ് ബാബു, ജോയൽ സാബു, അഭിജിത്ത് കെ.എം എന്നിവർ നന്ദിയും രേഖപ്പെടുത്തി. ഇടുക്കി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസലായിരുന്നു കായികമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *