ജനതകളുടെ പ്രകാശമായ ക്രിസ്തുവിന്റെ വരവോടെ ലോകത്തില്‍ ഒരു പുതുയുഗം തന്നെ ആരംഭിച്ചു. പ്രപഞ്ചത്തിന്റെയും ചരിത്രത്തിന്റെയും മനുഷ്യജീവിതത്തിന്റെയും കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്നത് എക്കാലത്തും ക്രിസ്തു തന്നെ എന്ന സത്യം ഉത്ഘോഷിച്ചു കൊണ്ടാണ് ഓരോ ദേവാലയങ്ങളും സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
കേരളത്തിലെ തിപുരാതന ദേവാലയങ്ങളില്‍ ഒന്നായ കിഴക്കിന്റെ മാതൃദേവാലയം എന്ന് അറിയപ്പെടുന്ന മൈലകൊമ്പ് സെന്റ് തോമസ് പള്ളിയുടെ ചരിത്ര വഴികളിലൂടെയാണ് മലയാളി പത്രം യാത്ര ചെയ്യുന്നത്
കിഴക്കിന്റെ മാതൃദൈവാലയം
കേരളത്തിലെ ഇടുക്കി ജില്ലയിലെ.. കുമാരമംഗലം ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മൈലക്കൊമ്പ് സെന്റ് തോമസ് ഫോറോനാ പള്ളി കിഴക്കിന്റെ മാതൃദേവാലയവും.. ക്രിസ്തീയ കവാടവുമായി അറിയപ്പെടുന്നു. കോതമംഗലം രൂപതയിലെ ഏറ്റവും പഴക്കമേറിയ പള്ളിയാണ് ഈ ദേവാലയം…. പഴയ തിരുവിതംകൂറിന്റെ തൊടുപുഴ, മൂവാറ്റുപുഴ, കുന്നത്തുനാട് എന്നീ താലൂക്കുകളിലെ സമസ്ത ദേവാലയങ്ങളും മൈലക്കൊമ്പില്‍ നിന്നും രൂപം കൊണ്ടിട്ടുള്ളവയാണ്.
പണ്ട് മൈലക്കൊമ്പ് ഇടവകയുടെ വ്യാപ്തി കിഴക്കു സഹ്യപര്‍വ്വതവും പടിഞ്ഞാറ് തൃപ്പൂണിത്തുറയ്ക്ക്ടുത്തുള്ള തിരുവാങ്കുളവും… വടക്ക് പെരിയാറും ഉള്‍പ്പെടുന്ന വലിയൊരു ഭൂപ്രദേശമായിരുന്നു. കടമറ്റം പള്ളി 9-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ചപ്പോഴാണ്… പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ഈ ഇടവകയില്‍ നിന്നു വിട്ടുമാറിയത്.കടമറ്റം, നാകപ്പുഴ, ആരക്കുഴ, നെടിയശാല,മുതലക്കോടം കോതമംഗലം, ചുങ്കം, പോത്താനിക്കാട്, തുടങ്ങിയ പ്രസിദ്ധങ്ങളായ പുരാതന ദേവാലയങ്ങള്‍ മൈലക്കൊമ്പു പള്ളിയുടെ സന്താനങ്ങളാണ്.
ചരിത്രം
മൈലക്കൊമ്പ് സെന്റ്. തോമസ് പള്ളി ഒന്നാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ടതാണെന്ന ശക്തമായപാരമ്പര്യം നിലവിലുണ്ട്.പ്രാചീനത്വം കൊണ്ട് പ്രശസ്തമായ ഈ ദേവാലയം സ്ഥാപിച്ചത് വിശുദ്ധ തോമാശ്ലീഹ തന്നെയാണെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം അറിയിക്കുവിന്‍ എന്ന ഗുരുവിന്റെ ആഹ്വാനം അനുസരിച്ച് കേരളത്തിലെത്തിയ സുവിശേഷ പ്രഘോഷണം നടത്തിയിരുന്ന തോമാശ്ലീഹ കിഴക്കന്‍ പ്രദശങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കും സുവിശേഷ പ്രഘോഷണതിനുമായി സ്ഥലവും അനുവാദവും രാജാവിനോട് ആവശ്യപ്പെട്ടു.പക്ഷെ തോമശ്ലീഹയുടെ ഈ ആവശ്യം രാജാവ് നിഷേധിച്ചു.
എന്നാല്‍ രാജാവിന്റെ പടത്തലവന്മാരില്‍ ഒരുവനും പ്രഭുവുമായ നെടുമാക്കില്‍ പണിക്കല്യാര്‍ മൈലക്കൊമ്പില്‍ താമസമുണ്ടെന്നും അദ്ദേഹത്തെ സന്ദര്‍ശിച്ചാല്‍ കാര്യം സാധിക്കുമെന്നും പലരില്‍ നിന്നും മനസിലാക്കിയ തോമാശ്ലീഹാ മൈലകൊമ്പില്‍ എത്തി പ്രഭുവിനെ കണ്ടു.ആ സമയം പ്രഭുവിന്റെ ഏക പുത്രി ഗുരുതരമായ രോഗാവസ്ഥയില്‍ എല്ലാ ചികിത്സകളും പരാജയപ്പെട്ട് മരണത്തോട് മല്ലടിക്കുകയായിരുന്നു.തോമാശ്ലീഹാ കുട്ടിയുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കുകയും അത്ഭുതകരമായി കുട്ടിയ രക്ഷപ്പെടുത്തുകയും ചെയ്തു. മകളുടെ രോഗശാന്തിയില്‍ കൃതാര്‍ത്ഥനായ പടത്തലവന്‍ തോമാ ശ്ലീഹാ ആവശ്യപ്പെട്ട പ്രകാരം അദ്ദേഹത്തിന് സ്ഥലം നല്കുകയും ചെയ്തു.തോമാശ്ലീഹായുടെ പ്രേഷിത പ്രവര്‍ത്തനത്തിന്റെ ഫലമായി രൂപം കൊണ്ട ഇവിടുത്തെ വിശ്വാസി സമൂഹത്തിന് വേണ്ടി അദ്ദേഹത്തിന്റ ശിഷ്യന്മാര്‍ പിന്നീട് ഒന്നാം നൂറ്റാണ്ടില്‍ ഇവിടെ പള്ളി പണിതുയര്‍ത്തുകയും ചെയ്തു എന്നാണ് പാരമ്പര്യം.
ഇവിടെയുണ്ടായിരുന്ന പ്രഭുക്കന്മരുടെ കൊട്ടാരം പില്‍ക്കാലത്ത് മടക്കത്താനത്തിനടുത്തുള്ള മേലേടത്ത് തളിയിലേയ്ക്ക് മാറ്റി.പള്ളിയുടെ തെക്കുകിഴക്ക് തകര്‍ന്നടിഞ്ഞ കോവിലക ത്തിന്റെ അവശിഷ്ടങ്ങള്‍ അടുത്തകാലം വരെ കാണാമായിരുന്നു. കുളങ്ങളുടെ അവശേഷിപ്പ് ഇപ്പോഴും ഉണ്ട്.
മൈലാപ്പൂരുമായി ഈ നാടിനു പ്രത്യേക ബന്ധമുണ്ട്. തോമ്മാശ്ലീഹായുടെ മൈലാപ്പൂരില്‍ നിന്നുള്ള രണ്ടാമത്തെ വരവില്‍, കൂടെപ്പോന്ന ആളുകളുടെ സന്തതി പരമ്പരകളാണ്, തങ്ങളെന്ന് പല കുടുംബങ്ങളും ഇന്നും വിശ്വസിച്ചു പോരുന്നു.പ്രമുഖമായ പല പുരാതന വ്യാപാര പാതകളും സംഗമിച്ചിരുന്നത്, പഴയ ചേരസാമ്രാജ്യത്തിലെ സുപ്രധാന പ്രദേശമായിരുന്ന,തൊടുപുഴയോട് ഏറ്റവും ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് മൈലക്കൊമ്പ് എന്നത് ഈ പാരമ്പര്യത്തെ സാധൂകരിക്കുന്നു.
വിഡിയോ കാണാം
ചിത്രത്തില്‍ ക്ലിക് ചെയ്ത് വീഡിയോ കാണാം

ചരിത്രരേഖകളില്‍
പതിനഞ്ചാം നൂറ്റാണ്ട് മുതലുള്ള ധാരാളം ചരിത്രരേഖകളില്‍ മൈലക്കൊമ്പ് പള്ളിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.1599 -ല്‍ ഉദയംപേരൂര്‍ സൂനഹദോസിനുശേഷം ഗോവാ മെത്രാന്‍ അലക്സിസ് മെനേസിസ്,മൈലക്കൊമ്പുപള്ളി സന്ദര്‍ശിച്ചിട്ടുണ്ട്.



1774 മുതല്‍ പതിനാല് വര്‍ഷക്കാലം,കേരളത്തില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിയ, പൗളിനോസ് പാതരി എന്നറിയപ്പെടുന്ന കര്‍മ്മലീത്ത മിഷനറി,തന്റെ വിവരണങ്ങളില്‍ മൈലക്കൊമ്പിനേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഈ പള്ളി മാര്‍ തോമ്മാശ്ലീഹായുടെ പേരിലുള്ളതാണെന്നും ധാരാളം ആനകളും കടുവകളും മറ്റ് വന്യ മൃഗങ്ങളും ഈ മേഖലയിലെ വനത്തില്‍ ഉണ്ടായിരുന്നെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
പുരാതന മണി
പള്ളിയുടെ പൗരാണികത്വം വെളിപ്പെടുത്തുന്ന ഒരു പുരാതന മണി ഇന്നും ദേവാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.’മയിലക്കാംപില്.. മാര്‍ത്തോമ്മാ പള്ളിക്ക് മണി വാര്‍ത്തു. മാറാന്‍… ഈശോ മിശിഹാ പിറന്നിട്ട് 1606 -ാമത് മീനം ഞായര്‍ 5 തീയതി’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ ആയിരത്തിന്റെ അക്കം വിട്ടുകളഞ്ഞിട്ടാണ് 606-ാമത് മണി വാര്‍ത്തു എന്ന് ചരിത്രപുസ്തകങ്ങളില്‍ എഴുതിയിട്ടുള്ളത്.1916-ല്‍ ഫാ. ബര്‍ണാദ് തോമ്മാ പ്രസിദ്ധീകരിച്ച മാര്‍ത്തോമ്മ ക്രിസ്ത്യാനികള്‍ എന്ന ഗ്രന്ഥത്തിലാണ് ഈ പിശക് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.അന്നുമുതല്‍ ഇന്നോളം,ഇത് ഗ്രന്ഥകാരന്‍മാര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

തെറ്റായ ഈ തീയതി അടിസ്ഥാനപ്പെടുത്തി, പല ഇടങ്ങളിലും പള്ളിയുടെ സ്ഥാപന വര്‍ഷം 606 അല്ലെങ്കില്‍ 686 എന്നീ വര്‍ഷങ്ങളാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.പള്ളിയില്‍ സൂക്ഷിച്ചിട്ടുള്ള മണിയില്‍ ആയിരത്തി അറുന്നൂറ്റി ആറ് എന്നു വ്യക്തമായി എഴുതിയിട്ടുണ്ട് . എന്നാണ് പണ്ഡിതനായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കുരുക്കൂര്‍ അച്ചനും കോതമംഗലം രൂപതാ ചരിത്രത്തില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.പോര്‍ച്ചുഗീസുകാരുടെ വരവിന് മുമ്പ്,കേരളത്തിലെ മാര്‍ത്തോമാ നസ്രാണികളുടെ ഇടയില്‍ പളളി മണികളുടെ ഉപയോഗം നിലവിലില്ലായിരുന്നു..
അതിപുരാതനമായ മാമോദീസാ തൊട്ടി
മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയുടെ പൗരാണിക പാരമ്പര്യം വിളിച്ചോതുന്ന കമനീയ കലാരൂപമാണ് ഇവിടുത്തെ പുരാതനമായ മാമ്മോദീസതൊട്ടി.കരിങ്കല്ലില്‍ കൊത്തിയെടുത്ത ഈ കലാരൂപം കൂടിയായ ഇത് വിദേശ ചരിത്രകാരന്മാരെ പോലും ആകര്‍ഷിക്കുന്നു.

പഴയ ഹിന്ദു കലാരീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. നാല് സിംഹവ്യാളങ്ങള്‍ താങ്ങി നിര്‍ത്തുന്ന രീതിയിലാണ് ഈ മാമോദീസ തൊട്ടിയുടെ ഘടന.അതോടൊപ്പം കുരിശും, മനുഷ്യമുഖങ്ങളും താമരയും ഇതില്‍ കൊത്തിയിരിക്കുന്നു.ഈ മാമോദീസാ തൊട്ടിയുടെ കലാരീതി പരിശോധിക്കുമ്പോള്‍ ഇത് നിരവധി നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്ന് മനസ്സിലാക്കാം. കൊച്ചു കുട്ടികളെ വെള്ളത്തില്‍ മുക്കിയെടുത്ത് മാമോദീസാ നല്കതക്ക രീതിയിലുള്ള വലിപ്പം ഈ പുരാതന മാമോദീസാ തൊട്ടിക്കുണ്ട്.
തോമാശ്ലീഹാ നാട്ടിയ പുരാതന കല്‍ക്കുരിശ്
പള്ളിയിലെ അതിപുരാതനമായ കരിങ്കല്‍ കുരിശാണ് മറ്റൊരു ആകര്‍ഷണം.കുരിശിന്റെ വലുപ്പം വച്ച് നോക്കുമ്പോള്‍ വളരെ ചെറിയൊരു പീഠമാണ് ഇതിനുള്ളത്.ഈ കുരിശിന് പള്ളിയോളം തന്നെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.കുരിശിനെ പറ്റി ജനങ്ങള്‍ക്കിടയില്‍ ഇങ്ങനെയൊരു വിശ്വാസം ഉണ്ട്.കുരിശു പണിതീര്‍ത്ത ശേഷം അതിന്റെ സ്ഥാനത്ത് ഉയര്‍ത്തി നാട്ടാന്‍ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല.എന്നാല്‍ ഒരു സുപ്രഭാതത്തില്‍ അത് അത്ഭുതകരമായി ഉയര്‍ത്തി നാട്ടിയിരിക്കുന്നതായി കാണപ്പെടുകയുണ്ടായി.

തോമാ ശ്ലീഹയാണ് ഈ കുരിശ് ഉയര്‍ത്തി നാട്ടിയതെന്ന് ജനങ്ങള്‍ ഇന്നും വിശ്വസിക്കുന്നു. പീഠത്തിന്റെ വലുപ്പമില്ലായ്മ ഈ വിശ്വാസത്തെ സാധൂകരിക്കുന്നുണ്ട്.അതിനാല്‍ തന്നെ വിശുദ്ധ കുരിശിനോടുള്ള ഭക്തി എക്കാലവും ഇവിടുത്തെ വിശ്വാസികളില്‍ നിറഞ്ഞുനില്‍ക്കുന്നു.ധാരാളം ആളുകള്‍ ഇവിടെയെത്തി ഈ കുരിശിനെ തൊട്ടുവണങ്ങി അനുഗ്രഹം നേടി തിരിച്ചു പോകുന്നു.
ക്ഷേത്രമാതൃകയിലായിരുന്നു പള്ളി പുതുക്കി പണിയുന്നു
1922 ആഗസ്റ്റ് 9-ന് മയിലക്കൊമ്പു പള്ളി ഫൊറോനാപ്പള്ളിയായി ഉയര്‍ത്തപ്പെട്ടു.
ആദ്യകാല പള്ളി ക്ഷേത്രമാതൃകയിലായിരുന്നു.ഏ.ഡി. 1946-ല്‍ ക്ഷേത്ര മാതൃകയിലുളള പഴയ പള്ളി പൊളിച്ച് ആധുനിക രീതിയിലുള്ള പള്ളി പണിയാന്‍ തുടങ്ങി.1958 ജൂലൈ 3-നാണ് പണി തീര്‍ത്ത് വെഞ്ചരിച്ചത്.മൂന്നാമത്തെ പള്ളിയാണ് ഇപ്പോഴുള്ളതെന്നു പറയപ്പെടുന്നു.
പഴയ പള്ളി
പഴയ പള്ളിയുടെ അള്‍ത്താര പണിയിച്ചത് വൈക്കം കാരനായ ബഹു. ഞായപ്പിള്ളി അച്ചനാണ്. പള്ളിയുടെ കതകുകള്‍ക്ക് മരം കൊണ്ട് പണിയിച്ച് ഏഴു താഴുകള്‍ ഉണ്ടായിരുന്നു. മണിമാളിക പണിയിച്ചതും മരക്കഴുക്കോല്‍ ചാര്‍ത്തിയതും കൊച്ചുമുട്ടത്ത് ബഹു. പൗലോസച്ചനായിരുന്നു. ഓടു വെപ്പിച്ചതും കപ്പേള നിര്‍മ്മിച്ചതും കൊച്ചുമുട്ടത്ത് മത്തായി കത്തനായിരുന്നു. സങ്കീര്‍ത്തി, മദ്ബഹാ, മദ്ബഹയിലേയ്ക്കുള്ള വാതിലുകള്‍, ജനലുകള്‍ തുടങ്ങിയവ റാത്തപ്പിള്ളില്‍ യോഹന്നാന്‍ അച്ചനാണ് നിര്‍മ്മിച്ചത്.
പിരിഞ്ഞു പോയ പള്ളികള്‍
കടമറ്റം,നാകപ്പുഴ,ആരക്കുഴ, നെടിയശാല,മുതലക്കോടം, കോതമംഗലം, ചുങ്കം, പോത്താനിക്കാട് തുടങ്ങിയ ദോവാലയങ്ങളെല്ലാം മൈലകൊമ്പില്‍ നിന്നു പിരിഞ്ഞു പോയിട്ടുള്ളതാണ്.
തിരുശേഷിപ്പുകള്‍
തോമശിഹായുടെ അത്ഭുതങ്ങള്‍ നടന്ന കിഴക്കിന്റെ ഈ മാതൃ ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പും വിശുദ്ധ തോമാശ്ശീഹായുടെ തിരുശേഷിപ്പും സൂക്ഷിച്ചിരിക്കുന്നു.ടൂറനിലെ തിരുകച്ചയുടെ രേഖാ ചിത്രവും ഇവിടെ ഭക്തിപൂര്‍വ്വം വണങ്ങി വരുന്നു.പഴയ പള്ളിയുടെ താഴികക്കുടം,1606-ല്‍ നിര്‍മ്മിച്ച വലിയമണി, പഴയപള്ളിയില്‍ ഉണ്ടായിരുന്ന വിചിത്രമായ കൊത്തുപണികളുള്ള തടികള്‍ എന്നിവയും ചെറിയ കരിങ്കല്‍ സ്തംഭങ്ങള്‍, വിളക്കുകള്‍ മുതലായവയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

തോമാശ്ലീഹായുടെ മരണം ചിത്രീകരിക്കുന്ന ചില ശില്പങ്ങള്‍ അടുത്തയിടെയായി കല്ലില്‍ കൊത്തി പ്രവേശന കവാടത്തിനടുത്തുള്ള ഉദ്യാനത്തില്‍ സ്ഥാപിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
മലമുകളില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന തോമാശ്ലീഹായെ കുന്തം കൊണ്ട് പിന്നില്‍ നിന്നും കുത്തുന്ന രീതിയിലുള്ള ശില്‍പ്പങ്ങളാണ് നിര്‍മ്മിച്ചിട്ടുള്ളത്
ഊട്ടു നേര്‍ച്ച
കിഴക്കിന്റെ മാതൃദേവാലയമായ മൈലകൊമ്പു പള്ളിയിലും മറ്റ് പള്ളികളിലും നടന്നു വരുന്ന നേര്‍ച്ചയാണ് ഊട്ടു കഴിക്കുക എന്നത്. മുന്‍കാലങ്ങളില്‍ പള്ളികള്‍ വളരെ കുറവായിരുന്നു. ഒരാള്‍ മരിച്ചാല്‍ ചിലപ്പോള്‍ മുപ്പതും അമ്പതും കിലോ മീറ്റര്‍ മൃതശരീരം വഹിച്ചുകൊണ്ടു വന്നെങ്കിലേ സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ സാധിക്കുകയൊള്ളു. ഇതു തികച്ചും ക്ലേശകരമായിരുന്നു.തന്മൂലം കത്തോലിക്കര്‍ മൃതദേഹങ്ങല്‍ അവരുടെ പുരയിടത്തില്‍ തന്നെ സംസ്‌കരിക്കാന്‍ തുടങ്ങി. കബറിടത്തില്‍ ഒരു കുരിശും സ്ഥാപിച്ചിരുന്നു.മരിച്ചവരുടെ സ്വന്തക്കാര്‍ ഈ കുഴിമാടത്തില്‍ പോയി പ്രാര്‍ത്ഥിക്കുക പതിവായിരുന്നു.അന്ന് കത്തോലിക്കര്‍ക്കു ചുറ്റും ധാരാളം ഹൈന്ദവരും ഉണ്ടായിരുന്നു.അവരുടെ ആചാര രീതികളും കത്തോലിക്കരില്‍ സ്വാധീനം ചെലുത്തി. അങ്ങനെ കത്തോലിക്കരുടെ മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന കുഴമാട സേവയായി മാറി. പഴയ കാലത്ത് മിക്കവാറും കുടുംബങ്ങളില്‍ കുഴിമാട സേവ ഉണ്ടായിരുന്നു.
1599 ഉദയംപേരൂര്‍ സുന്നഹദോസിന് ശേഷം,കേരള സഭയുടെ ഭരണം ലത്തീന്‍ സഭയുടെ കീഴില്‍ വന്നപ്പോള്‍ കുഴിമാട സേവ നിര്‍ത്തലാക്കാന്‍ ഉത്തരവിട്ടു. പലരും കുഴിമാട സേവ നിര്‍ത്തി എന്നാല്‍ ചില ഉപദ്രവങ്ങള്‍ അവരുടെ കുടുംബത്തിന് ഉണ്ടാകാന്‍ തുടങ്ങി. ഇതിന് പ്രതിവിധിയായി ക്രിസ്തുവിന്റെ 12 ശ്ലീഹന്മാരുടെ സ്മരണാര്‍ത്ഥം പള്ളിയില്‍ 12 പേര്‍ക്ക് സമൃദ്ധമായ സദ്യ നടത്താന്‍ വരാപ്പുഴയില്‍ നിന്നും നിര്‍ദ്ദേശിച്ചു.അന്നു മുതലാണ് ഊട്ടുനേര്‍ച്ചയുടെ ആരംഭം. മൈലകൊമ്പു പള്ളിയില്‍ തിരുനാളിനോട് അനുബന്ധിച്ചും തോമാശ്ലീഹായുടെ നൊവേന ദിവസമായ ശനിയാഴ്ചയും ഊട്ടു നേര്‍ച്ച നടന്നു വരുന്നു
ദിനം തോറും ധാരാളം ഭക്തജനങ്ങള്‍ ദേവാലയം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുന്നു.എല്ലാ ദിവസവും രണ്ട് വിശുദ്ധകകുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നു.ഞായറാഴ്ചകളില്‍ രാവിലെ ഏഴ് മണിക്കും, പത്തു മണിക്കും വിശുദ്ധ കുര്‍ബ്ബാനയുണ്ട്. വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ്മതിരുന്നാളായ ജൂലൈ മൂന്നിനുള്ള ദുഹ്‌റാന തിരുന്നാള്‍ വളരെ ആഘോഷപൂര്‍വ്വമാണ് ഇടവകാംഗങ്ങള്‍ കൊണ്ടാടുന്നത്.വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും വളരെ ഭക്തിപൂര്‍വ്വം ആഘോഷിക്കപ്പെടുന്നു.
ഉപസംഹാരം.
ദൈവീക സാന്നിധ്യവും ദൈവത്തിന്റെ കൃപാകടക്ഷവും അനുഭവവേദ്യമാക്കുന്ന പുണ്യയിടമാണ് ദേവാലയം.ദൈവം വസിക്കുന്ന മൈലകൊമ്പിലെ ഈ പുരാതന ദേവാലയം,വിശുദ്ധ തോമാശ്ലീഹായുടെ സാന്നിധ്യം കൊണ്ടും ശക്തമായ മാധ്യസ്ഥം കൊണ്ടും ദൈവമനുഷ്യ സമാഗമത്തിലൂടെ ആത്മാവിനെ സ്വര്‍ഗ്ഗത്തിലേയ്ക്കു നയിക്കുന്ന ഭൗമിക സ്വര്‍ഗ്ഗം തന്നെയാണ്. ഈ പുണ്യദേവാലയത്തിലെത്തി വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കു കൊണ്ട് വിശുദ്ധന്റെ മാധ്യസ്ഥം യാചിക്കുന്ന എല്ലാവരേയും തന്റെ പിതൃസഹജമായ വാത്സല്യത്തോടെ സ്നേഹവും വിശുദ്ധിയും പകര്‍ന്ന് ക്രിസ്തുവിനോട് ചേര്‍ത്തു നിര്‍ത്തുകയാണ് വിശുദ്ധ തോമാശ്ലീഹാ.
തയ്യാറാക്കിയത് – ഗീതാദാസ്
മലയാളിപത്രം നിങ്ങളുടെ കൈവിരല്‍ തുമ്പില്‍ …അതിനായി താഴയെുള്ള ലിങ്കുകള്‍ സന്ദര്‍ശിച്ച് സബ്‌സ്‌ക്രൈബ് ചെയ്യുക
✅മലയാളി പത്രത്തിന്റെ നാലാമന്‍ യൂട്യൂബ് ലിങ്ക് സന്ദര്‍ശിക്കാന്‍
https://youtube.com/@nalamanmediahouse?si=2LxTyJuYyIhVBrcq
✅മലയാളി പത്രം ഫേസ് ബുക്ക് ലിങ്ക്
facebook.com/malayaleepathram
✅മലയാളിപത്രം വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍
https://chat.whatsapp.com/DQGBuc175EG2KUS7yyIxh

