ചിറ്റൂര്‍ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് താഹിത ദമ്പതികളുടെ മകന്‍ സുഹാന്‍ (6) കുളത്തില്‍ വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും ചിറ്റൂര്‍ – തത്തമംഗലം നഗരസഭ ചെയര്‍മാന്‍ സുമേഷ് അച്യുതന്‍ ആവശ്യപ്പെട്ടു.
കാണാതായി 21 മണിക്കൂറുകള്‍ക്ക് ശേഷം കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിനില്‍ക്കുന്ന നിലക്കാണ് മൃതദേഹം ലഭിച്ചത്.ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഒപ്പം കളിച്ചുകൊണ്ടിരുന്ന സഹോദരനോട് പിണങ്ങി വീടിനു പുറത്തേക്കിറങ്ങിയ സുഹാനെ പിന്നീട് കാണാതാവുകയായിരുന്നു.കുട്ടിക്കായി വ്യാപക തിരച്ചില്‍ തുടരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
കുട്ടിയുടെ വീട്ടിനടുത്തുള്ള രണ്ട് കുളങ്ങളില്‍ ഇന്നലെ തന്നെ പരിശോധന നടത്തിയിരുന്നു.എന്നാല്‍ കുട്ടിയെ കണ്ടെത്തിയ കുളം വീട്ടില്‍നിന്ന് അകലെയും റോഡിനോട് ചേര്‍ന്നുള്ളതുമാണ്.ജനങ്ങള്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന കുളം കൂടിയാണിത്.ദൂരം കൂടുതല്‍ കാരണം ഈ കുളത്തില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നില്ല.ഇത്രയും ദൂരം കുട്ടി തനിയെ നടന്ന് എത്താന്‍ സാധ്യത ഇല്ല എന്ന് ഇന്നലെ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. ഒരു കനാൽ കഴിഞ്ഞ് വേണം കുളത്തിലേക്ക് ഇറങ്ങാൻ ‘ കുട്ടി ഇതെല്ലാം ചെയ്തതായി കരുതുന്നില്ല.ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം വേണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടത്

