ഇംഫാൽ: മണിപ്പൂരിലെ ഉഖ്രുൽ ജില്ലയിൽ നാഗാ-കുക്കി വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് കുക്കി വിഭാഗത്തിൽപ്പെട്ട 51 വിദ്യാർത്ഥികളെ പോലീസ് സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. നാഗാ ഭൂരിപക്ഷ പ്രദേശമായ ഉഖ്രുലിലെ റംവയിലുള്ള ജവഹർ നവോദയ വിദ്യാലയത്തിലെ (JNV) വിദ്യാർത്ഥികളെയാണ് കാംഗ്പോക്പി ജില്ലയിലെ വിദ്യാലയത്തിലേക്ക് മാറ്റിയത് . ഉഖ്രുലിൽ ടാങ്കുൽ നാഗാ, കുക്കി വിഭാഗങ്ങൾ തമ്മിൽ സംഘർഷം രൂക്ഷമായതോടെയാണ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി പോലീസ് ഈ നടപടി സ്വീകരിച്ചത്.
മാറ്റപ്പെട്ടവരിൽ 31 ആൺകുട്ടികളും 20 പെൺകുട്ടികളും ഉൾപ്പെടുന്നു. ഇവരെ ഉഖ്രുൽ പോലീസ് സുരക്ഷിതമായി സായ്കുൽ പോലീസ് സംഘത്തിന് കൈമാറുകയും തുടർന്ന് കാംഗ്പോക്പിയിലെ ജെ.എൻ.വിയിൽ എത്തിക്കുകയും ചെയ്തു. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ എഴുതുന്ന 18 വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രങ്ങളും കാംഗ്പോക്പി ജെ.എൻ.വിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാനാണ് ഈ നീക്കം.

