നാഗമ്പടം മഹാദേവക്ഷേത്രം ഇനി അന്തർദേശീയ തീർത്ഥാടന കേന്ദ്രം; രണ്ട് കോടി രൂപ ബജറ്റിൽ അനുവദിച്ചു

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ ചരിത്രപ്രസിദ്ധമായ നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തർദേശീയ തീർത്ഥാടന കേന്ദ്രമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ അനുവദിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലിന് നൽകിയ നിവേദനം പരിഗണിച്ചാണ് ബജറ്റ് മറുപടി പ്രസംഗത്തിൽ ഈ സുപ്രധാന പ്രഖ്യാപനം ഉൾപ്പെടുത്തിയത്.

1928 ജനുവരി 19-ന് നാഗമ്പടം മഹാദേവ ക്ഷേത്രമുറ്റത്തെ മാവിൻ ചുവട്ടിൽ വിശ്രമിക്കുമ്പോഴാണ് ഗുരുവിന്റെ പ്രമുഖ ശിഷ്യന്മാരായ വല്ലഭശേരി ഗോവിന്ദൻ വൈദ്യരും ടി.കെ. കിട്ടൻ റൈറ്ററും ശിവഗിരി തീർത്ഥാടനമെന്ന ആശയം ഗുരുവിന് മുന്നിൽ വെക്കുന്നത്. അവരുടെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ട് ഗുരു ചരിത്രപരമായ ആ അനുമതി നൽകിയത് ഈ മണ്ണിൽ വെച്ചായിരുന്നു. ഈ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് ക്ഷേത്രത്തെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ തീരുമാനിച്ചത്.

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ വ്യക്തിജീവിതവും പൊതുജീവിതവും ശുദ്ധീകരിക്കാനും സാമൂഹിക നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണെന്ന് മന്ത്രി പറഞ്ഞു. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന വിശ്വദർശനം സമൂഹത്തിലേക്ക് എത്തിക്കുന്ന മാനവികതയുടെ തീർത്ഥാടന കേന്ദ്രമായി നാഗമ്പടം മഹാദേവ ക്ഷേത്രം മാറുമെന്നും ഈ അംഗീകാരം ക്ഷേത്രത്തിന്റെ വികസനത്തിന് പുതിയ വഴിത്തിരിവാകുമെന്നും മന്ത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *