ബെംഗളൂരു: ഗൂഗിളിന്റെ നാനോ ബനാന ടൂളിന്റെ സഹായത്തോടെ ഒറിജനലിനെ വെല്ലുന്ന കൃത്യതയോടെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും നിര്‍മിച്ച് ബെംഗളൂരുവിലെ ടെക്കി യുവാവ്. ഇവ നിര്‍മിച്ചുവെന്നു മാത്രമല്ല എഐയുടെ സഹായത്തോടെ തയാറാക്കിയ കാര്‍ഡുകള്‍ എക്സ് അക്കൗണ്ടില്‍ പങ്കുവയ്ക്കുക കൂടി ചെയ്തിരിക്കുകയാണ് ഹര്‍വീന്‍ സിങ് ഛദ്ദ എന്ന ടെക്കി. തമാശയ്ക്കായി കാര്‍ഡ് നിര്‍മിച്ചപ്പോള്‍ ട്വിറ്റര്‍ പ്രീത് സിങ് എന്നാണ് അവയിലെ സാങ്കല്പിക ഉടമയ്ക്കു നല്‍കിയിരിക്കുന്ന പേര്.
നാനോ ബനാന നല്ലതാണ്. എന്നാല്‍ ഇതൊക്കെയാണ് പ്രശ്നം. ഇതുപയോഗിച്ച് നമുക്ക് ഒറിജനലിനെ വെല്ലുന്ന വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മിക്കാന്‍ കഴിയും പഴയ ഇമേജ് പരിശോധന സംവിധാനങ്ങള്‍ കൊണ്ടൊന്നും അത് തിരിച്ചറിയാനും സാധിക്കില്ല. നാനോ ബനാന ഉപയോഗിച്ച് നിര്‍മിച്ച ഒരു സാങ്കല്പിക വ്യക്തിയുടെ ആധാര്‍, പാന്‍ കാര്‍ഡുകള്‍ ഇതാ എന്നു പറഞ്ഞാണ് ഹര്‍വീന്‍ സിങ് ഛദ്ദ ഇവ എക്സില്‍ പങ്കുവച്ചത്. ഒറ്റനോട്ടത്തില്‍ ഒറിജിനലാണെന്നു തോന്നുമെങ്കിലും അടുപ്പിച്ചു നോക്കുമ്പോള്‍ ജെമിനി എഐയുടെ വാട്ടര്‍മാര്‍ക്ക് കാണാം.

