നരേന്ദ്ര മോദിയുടെ എഴുപത്തഞ്ചാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സേവന പദ്ധതികളുമായി അഡലൈഡ് ഇന്ത്യക്കാര്‍

അഡലൈഡ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തഞ്ചാം ജന്മദിനം വേറിട്ട പരിപാടികളോടെ ആഘോഷമാക്കി അഡലൈഡിലെ ഇന്ത്യന്‍ സമൂഹം. ഇതോടനുബന്ധിച്ച് ബഹുജന പങ്കാളിത്തത്തോടെ രക്ത-പ്ലാസ്മ ദാനവും ആദിമജനതയ്ക്കായി സംഭാവനായജ്ഞവും നടത്തി ഇന്ത്യന്‍ സമൂഹം മാതൃകയായി.
ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ഭാരതീയ ജനതാപാര്‍ട്ടിയുടെ സഹകരണത്തോടെയായിരുന്നു രണ്ടു പരിപാടികളും നടത്തിയത്. മോഡ്ബറി രക്തദാന കേന്ദ്രത്തിലെ ഓസ്‌ട്രേലിയന്‍ റെഡ് ക്രോസ് പരിപാടികള്‍ക്കു പിന്തുണയേകി. പതിനാല് ഇന്ത്യന്‍ വംശജരാണ് രക്തവും പ്ലാസ്മയും ദാനം ചെയ്യാനെത്തിയത്. സേവാഭാവ എന്ന ഇന്ത്യന്‍ മൂല്യത്തിന്റെ പ്രവാസ ലോകത്തെ ആവിഷ്‌കാരമാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കി.
ഇതിനു പുറമെയായിരുന്നു നുകുവാരിന്‍ യുന്തി എന്ന തെക്കന്‍ ഓസ്‌ട്രേലിയയിലെ ആദിമജനതയുടെ വാസമേഖലയില്‍ സഹായ വിതരണം സംഘടിപ്പിച്ചത്. ഇവര്‍ക്കായി പൊതുജനങ്ങളില്‍ നിന്നു സമാഹരിച്ച ഭക്ഷ്യവസ്തുക്കളും വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള നൂറ് ബ്ലാങ്കറ്റുകളും വിതരണം ചെയ്തു. വ്യത്യസ്ത സമൂഹങ്ങള്‍ക്കിടയില്‍ സാഹോദര്യത്തിന്റെ സന്ദേശമെത്തിക്കുകയാണ് ഇതിലൂടെ ഉദ്ദേശിച്ചതെന്ന് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു. പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി മോദിക്ക് ഹൃദ്യമായ പിറന്നാള്‍ ആശംസ അറിയിച്ചതില്‍ നിന്നാണ് ഈ പരിപാടിക്കു വേണ്ട പ്രചോദനം ലഭിച്ചതെന്നും അവര്‍ അറിയിച്ചു.