ചന്ദ്രയാത്രയിൽ നാസയുടെ ചരിത്രവിജയം; ആർട്ടെമിസ് 2 ദൗത്യം നിർണായക ഘട്ടം കടന്നു

വാഷിംഗ്ടൺ ഡി.സി: 54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ആർട്ടെമിസ് 2 ദൗത്യം നിർണായക ഘട്ടം പിന്നിട്ടു. നാല് ബഹിരാകാശ സഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള ഓറിയോൺ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര വിജയകരമായി ആരംഭിച്ചു.

ഭൗമ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കാനായി പേടകത്തിലെ എൻജിനുകൾ പ്രവർത്തിപ്പിക്കുന്ന ‘ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ ബേൺ’ വിജയകരമായി പൂർത്തിയായതായി നാസ അറിയിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 5:19-നായിരുന്നു ഈ പ്രക്രിയ നടന്നത്. അഞ്ച് മിനിറ്റും അമ്പത് സെക്കൻഡുമെടുത്താണ് ഈ നിർണായക ഘട്ടം പൂർത്തിയാക്കിയത്.

ദൗത്യത്തിന്റെ അഞ്ചാം ദിവസത്തോടെ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിൽ പ്രവേശിക്കുമെന്നാണ് കരുതപ്പെടുന്നത്. യാത്രയ്ക്കിടയിൽ ബഹിരാകാശ സഞ്ചാരികൾ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ദൗത്യത്തിന്റെ പുരോഗതി അമേരിക്കൻ മാധ്യമങ്ങളുമായി പങ്കുവെക്കുകയും ചെയ്തു.മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ (കനേഡിയൻ ബഹിരാകാശ ഏജൻസി) എന്നിവരാണ് സംഘത്തിലുള്ളത്.

ഏകദേശം 22 ലക്ഷം കിലോമീറ്റർ സഞ്ചരിക്കുന്ന ഈ ദൗത്യം, ചന്ദ്രനെ വലംവെച്ച് ഏപ്രിൽ പത്തോടെ ഭൂമിയിൽ തിരിച്ചെത്തും. ഇതിന് പിന്നാലെ നടക്കാനിരിക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിലൂടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനാണ് നാസയുടെ ലക്ഷ്യം. ഓട്ടോമേറ്റഡ് സംവിധാനങ്ങളുടെ പരിശോധന, ലേസർ കമ്മ്യൂണിക്കേഷൻ പരീക്ഷണം, ബഹിരാകാശ കിരണങ്ങൾ സഞ്ചാരികളെ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ പഠനങ്ങളും ഈ യാത്രയുടെ ഭാഗമായി നടക്കും.

Leave a Reply

Your email address will not be published. Required fields are marked *