നഷ്ട വസന്തം…..

selective focus photo of orange-leafed plants

നീ തന്നുപോയ പനിനീര്‍പ്പൂവിന്റെ,
കഥ നീയറിഞ്ഞുവോ തോഴീ….
അതു വാടി അല്പനേരംകൊണ്ടുവേഗം,
തളര്‍ന്നുവീണെന്‍കൈപ്പടത്തില്‍.


തുടുതുടുപ്പാര്‍ന്ന ചുവപ്പു,
കറുപ്പിലേക്കിഴചേര്‍ന്നു പോകുന്നനേരം,
തഴുകാന്‍ ശ്രമിച്ചു ഞാന്‍, വാടിയപൂവിന്റെ,
ഇതളുകള്‍ അറ്ററ്റു വീണൂ…..


ജീവിതത്തിന്റെ പ്രതിരൂപമെന്നപോല്‍
ഹൃദയത്തിലേക്കെത്തി നോക്കി,
ചിരിതൂകി നില്‍പ്പാണു കാലം, പഠിക്കുവിന്‍,
പാഠമെന്നോതിയെന്‍ കാതില്‍…..


ഹൃദയമുള്ളോര്‍ക്കേ അറിയാവൂ
കൊഴിയുന്ന പൂവിന്റെ നീറുന്ന ദുഃഖം,
കരയാനറിയാത്ത പൂവിന്റെ ഗദ്ഗദം,
കേള്‍ക്കുന്നു കാതുകള്‍ക്കുള്ളില്‍…..


നഷ്ട്ടവസന്തങ്ങളത്രേ, ചിതല്‍തിന്നു
തീര്‍ക്കുന്ന കാഞ്ഞ വൃക്ഷത്തില്‍,
തളിരും വരില്ലിനി പൂവും വരില്ലിനി,
കാത്തിരിക്കേണ്ടിനി നമ്മള്‍…….

ചന്ദ്രശേഖരന്‍ പ്ലാവളപ്പില്‍

Leave a Reply

Your email address will not be published. Required fields are marked *