മെൽബൺ: മെൽബണിലെ മെർൻഡ സ്റ്റേഷനിൽ വെച്ച് അക്രമിസംഘത്തിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട 22-കാരനായ എയ്ഡൻ ബെക്കറുടെ സ്മരണാർത്ഥം സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ ആയിരങ്ങൾ പങ്കുചേർന്നു. കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റേഷനിൽ ഒരു ബാലനെ കൊള്ളയടിക്കാൻ ശ്രമിച്ച നാലംഗ കൗമാരസംഘത്തെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആശുപത്രി സുരക്ഷാ ഉദ്യോഗസ്ഥനായ എയ്ഡൻ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം നടന്ന പ്രാർത്ഥനാ യോഗത്തിൽ കണ്ണീരോടെയാണ് എയ്ഡന്റെ അമ്മ നതാലി ബെക്കർ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തത്. “എന്റെ പ്രിയപ്പെട്ട മകൻ അതേ സാഹചര്യത്തിലൂടെ വീണ്ടും കടന്നുപോകേണ്ടി വന്നാലും മറ്റൊരാളെ സഹായിക്കാൻ ഇത് തന്നെ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം അവൻ അങ്ങനെയുള്ളവനായിരുന്നു,” എന്ന് നതാലി പറഞ്ഞു. എയ്ഡന്റെ അവസാന നിമിഷങ്ങളിൽ അവനെ ചേർത്തുപിടിച്ച അപരിചിതനായ ആന്തണി എന്ന വ്യക്തിക്കും അവർ നന്ദി അറിയിച്ചു. “എന്റെ മകനെ അവന്റെ കുടുംബം സ്നേഹിക്കുന്നുണ്ടെന്ന് അവസാന നിമിഷം അവനോട് പറഞ്ഞതിന് നന്ദി. അവൻ അവസാനമായി കേട്ട വാക്കുകൾ അതായിരിക്കും,” എന്ന് വിതുമ്പലോടെ അവർ കൂട്ടിച്ചേർത്തു.
എയ്ഡൻ അവസാന ശ്വാസം വിട്ട റെയിൽവേ സ്റ്റേഷനിലെ സ്ഥലത്ത് പൂക്കളും മെഴുകുതിരികളും സന്ദേശങ്ങളുമായി നിരവധി പേരാണ് ആദരവർപ്പിക്കാൻ എത്തുന്നത്. എയ്ഡനെ നേരിട്ട് അറിയാത്തവർ പോലും അവന്റെ ധീരതയെ വാഴ്ത്തി അവിടെ കുറിപ്പുകൾ പങ്കുവെക്കുന്നുണ്ട്. ഒരു യഥാർത്ഥ നായകൻ എന്നാണ് നാട്ടുകാർ അവനെ വിശേഷിപ്പിച്ചത്.
കുടുംബത്തെ സഹായിക്കാനായി ഇതിനോടകം ഓൺലൈൻ വഴി ഒരു ലക്ഷം ഡോളറിലധികം സമാഹരിക്കപ്പെട്ടു. തളർന്നുപോയ നിമിഷങ്ങളിൽ തങ്ങളെ താങ്ങിനിർത്തിയത് ഈ സമൂഹത്തിന്റെ സ്നേഹമാണെന്ന് എയ്ഡന്റെ കുടുംബം പറഞ്ഞു.

