തൃശ്ശൂര്‍: കൊല്ലം കൊട്ടിയത്ത് ദേശീയപാത 66-ന്റെ ഭിത്തി ഇടിയുകയും റോഡ് തകരുകയും ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത തകര്‍ന്നതിന്റെ ഉത്തരവാദിത്തം കേരള സര്‍ക്കാരിന്റെ തലയില്‍ വെക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ”കേരള സര്‍ക്കാരിന്റെ തലയിലിടാന്‍ ഒരു വഴിയുമില്ല. ദേശീയപാതയുടെ എല്ലാ കാര്യങ്ങളും നിര്‍വ്വഹിക്കുന്നത് ദേശീയപാത അതോറിറ്റിയാണ് . അതിന് കൃത്യമായ സംവിധാനമുണ്ട്. ആ സംവിധാനത്തിലുണ്ടായ പാളിച്ചയാണ് നമ്മുടെ നാട്ടിലെ അനുഭവം. അതാണ് അതോറിറ്റിയെ ചൂണ്ടിക്കാട്ടുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.
റോഡ് നിര്‍മ്മാണത്തില്‍, അതിന്റെ ഡിസൈന്‍ മുതല്‍ എല്ലാ കാര്യങ്ങളും നിര്‍വ്വഹിക്കുന്നത് ദേശീയപാത അതോറിറ്റിയാണ് എന്നും, ഈ വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഒരിടത്ത് പ്രശ്‌നം കണ്ടതുകൊണ്ട് ദേശീയപാത ആകെ തകരാറിലായി എന്ന് കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് കൊല്ലം കൊട്ടിയത്ത് മൈലക്കാട് പാലത്തിന് സമീപം അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ട് ദേശീയപാത ഇടിഞ്ഞുവീണത്.

