നാളെ ദേശീയ പണിമുടക്ക്; കേരളം സ്തംഭിക്കും; ശബരിമല തീർഥാടകരെയും മാരാമൺ കൺവൻഷനെയും ഒഴിവാക്കി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് നാളെ (ഫെബ്രുവരി 12). ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ മുതൽ ആരംഭിക്കുന്ന പണിമുടക്കിൽ കേരളം പൂർണ്ണമായും സ്തംഭിക്കുമെന്ന് ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പൂർണ്ണമായി പുനഃസ്ഥാപിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. അത്യാവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ശബരിമല തീർഥാടകരെയും പത്തനംതിട്ടയിൽ നടക്കുന്ന മാരാമൺ കൺവൻഷനെയും പണിമുടക്കിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. കൺവൻഷൻ നടക്കുന്ന പശ്ചാത്തലത്തിൽ കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ പണിമുടക്കിന്റെ പരിധിയിൽ നിന്ന് മാറ്റിനിർത്തി. തീർഥാടകരുടെ വാഹനങ്ങളും കൺവൻഷനുമായി ബന്ധപ്പെട്ട യാത്രാസൗകര്യങ്ങളും തടയില്ലെന്ന് സമരസമിതി വ്യക്തമാക്കി.

പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർഫോഴ്സ്, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സേവനങ്ങളെ മാത്രമാണ് പണിമുടക്കിൽ നിന്ന് ഒഴിവാക്കിയത്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങില്ല. ബാങ്കിംഗ്, ഇൻഷുറൻസ്, വ്യവസായം, വ്യാപാരം തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾ പണിമുടക്കിൽ അണിനിരക്കും. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുമെന്നും വാണിജ്യ-കാർഷിക മേഖലകൾ നിശ്ചലമാകുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *