സിറ്റി ഓഫ് സ്വാനിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നവ് കൗറിനു ഗംഭീര വിജയം, ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതയുടെ വിജയം

പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ തദ്ദേശ ഭരണ യൂണിറ്റായ സിറ്റി ഓഫ് സ്വാനിലെ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജയായ നവ് കൗറിന് ഗംഭീര വിജയം. സിറ്റി ഓഫ് സ്വാനിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വംശജയോ പഞ്ചാബി വ്ംശജയോ ആയ സ്ത്രീ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. ആള്‍ട്ടോണ്‍ വാര്‍ഡിനെയായിരിക്കും കൗണ്‍സിലില്‍ ഇവര്‍ പ്രതിനിധീകരിക്കുക.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകയും അഭിഭാഷകയുമാണ് നവ് കൗര്‍. സകുടുംബം വര്‍ഷങ്ങളായി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലാണ് ഇവരുടെ താമസം. കാലിഡോസ്‌കോപ്പ് കോമണ്‍വെല്‍ത്ത് ഇനിഷ്യേറ്റിവ് എന്ന സാമൂഹ്യ സേവന സംരംഭത്തിന്റെ സജീവ പ്രവര്‍ത്തകയാണ്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ തദ്ദേശ ഗവണ്‍മെന്റിന്റെ നിരവധി പദ്ധതികളുടെ ഏകോപനം നിര്‍വഹിക്കുന്നത് ഈ ഏജന്‍സിയാണ്. ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും മെന്ററിങ്ങും നല്‍കുന്ന നിരവധി പ്രവര്‍ത്തനങ്ങളിലും സജീവമാണ്. 2020 മുതല്‍ പ്രവാസികളുടെ തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളില്‍ അഭിഭാഷക എന്ന നിലയില്‍ സജീവമായി ഇടപെട്ടു പോരുന്നു.

പ്രാദേശിക ഡിജിറ്റല്‍ കണക്ടിവിറ്റി എന്ന ആശയം നടപ്പിലാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എജന്റ്‌സ് ഓഫ് ചെയ്ഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ 2022 മുതല്‍ ഏകോപിപ്പിക്കുന്നതും നവ് കൗറിന്റെ മറ്റൊരു പ്രവര്‍ത്തന മേഖലയാണ്.

Leave a Reply

Your email address will not be published. Required fields are marked *