കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജിലാക്കി; നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വിശാഖപട്ടണം: പ്രണയബന്ധത്തിലുണ്ടായ തർക്കത്തെത്തുടർന്ന് കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നാവിക ഉദ്യോഗസ്ഥൻ പിടിയിലായി. വിശാഖപട്ടണത്തെ ഗാജുവാകയിൽ ഇന്ത്യൻ നാവികസേനയിൽ പെറ്റി ഓഫീസറായി ജോലി ചെയ്യുന്ന ചിന്താട രവീന്ദ്ര (29) ആണ് അറസ്റ്റിലായത്. തതിചെറ്റ്‌ലപാലം സ്വദേശിയായ പോളിപള്ളി മൗനിക (31) ആണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച ഉച്ചയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. രവീന്ദ്രയുടെ ഭാര്യ പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയ സമയത്ത് മൗനികയെ ഇയാൾ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടെ മൗനികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പ്രതി, മൃതദേഹം കഷണങ്ങളാക്കി മുറിച്ചു. ശരീരത്തിന്റെ ഒരു ഭാഗം ഫ്രിഡ്ജിലും ബാക്കി ഭാഗങ്ങൾ ചാക്കിലും ട്രോളി ബാഗിലുമായി സൂക്ഷിച്ചു. ഇതിനിടെ ശരീരത്തിന്റെ ചില ഭാഗങ്ങൾ ഇയാൾ വിജനമായ സ്ഥലത്ത് കൊണ്ടുപോയി കത്തിച്ചതായും റിപ്പോർട്ടുകളുണ്ട്.മൃതദേഹം പൂർണ്ണമായും ഒഴിവാക്കാൻ കഴിയാത്തതിനെത്തുടർന്ന് സുഹൃത്തിന്റെ ഉപദേശപ്രകാരം തിങ്കളാഴ്ച രവീന്ദ്ര ഗാജുവാക പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ ഫ്രിഡ്ജിൽ നിന്നും മുറിയിൽ നിന്നും ശരീരഭാഗങ്ങൾ കണ്ടെടുത്തു. 2021-ൽ ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. രവീന്ദ്രയുടെ വിവാഹശേഷം ബന്ധം തുടരുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. രവീന്ദ്രയ്ക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *