നെടുമങ്ങാട് കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു; ഹോസ്റ്റസുമാരുള്ള ലക്ഷ്വറി വോൾവോ ബസുകൾ ഉടൻ വരുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

നെടുമങ്ങാട്: കെഎസ്ആർടിസി നെടുമങ്ങാട് യൂണിറ്റിലെ ഡ്രൈവിംഗ് സ്കൂൾ, നവീകരിച്ച ഡിപ്പോ യാർഡ്, പുതിയ പ്രവേശന കവാടം എന്നിവയുടെ ഉദ്ഘാടനം ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവ്വഹിച്ചു. ചടങ്ങിൽ നെടുമങ്ങാട് – പറശ്ശിനിക്കടവ്, നെടുമങ്ങാട് – മാനന്തവാടി എന്നീ പുതിയ ബസ് സർവീസുകളുടെ ഫ്ലാഗ് ഓഫ് കർമ്മവും മന്ത്രി നിർവ്വഹിച്ചു.

പാൻട്രിയും ടോയ്‌ലെറ്റും ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളുള്ള വോൾവോ ലക്ഷ്വറി ബസുകൾ ഉടൻ കെഎസ്ആർടിസി നിരത്തിലിറക്കുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും സൗകര്യമേറിയ വോൾവോ ബസുകളായിരിക്കും ഇവ. ഈ ബസുകളിൽ കണ്ടക്ടർമാർക്ക് പകരം പ്രത്യേക പരിശീലനം ലഭിച്ച ബസ് ഹോസ്റ്റസുമാരായിരിക്കും യാത്രക്കാരെ സഹായിക്കാനുണ്ടാവുക. വിപണി നിരക്കിനേക്കാൾ കുറഞ്ഞ വിലയിൽ യാത്രക്കാർക്ക് കുടിവെള്ളം ലഭ്യമാക്കുമെന്നും, ഇതിന്റെ വിപണനം നടത്തുന്ന കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും നിശ്ചിത ആനുകൂല്യം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

മിതമായ നിരക്കിൽ ഡ്രൈവിംഗ് പരിശീലനം കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളിൽ കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് പരിശീലനം നേടാം.

ലൈറ്റ്/ഹെവി മോട്ടോർ വാഹനങ്ങൾ: 9,000 രൂപ.

ഇരുചക്ര വാഹനങ്ങൾ: 3,500 രൂപ.

ടു വീലർ + എൽ.എം.വി (കോംബോ): 11,000 രൂപ.

എസ്.സി/എസ്.ടി, ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് ഫീസിൽ 20 ശതമാനവും കെഎസ്ആർടിസി ജീവനക്കാർക്ക് അഞ്ച് ശതമാനവും ഇളവ് ലഭിക്കും. ഒരു ബാച്ചിൽ 16 പേർക്കാണ് പ്രവേശനം. ഒരു മാസത്തെ പരിശീലനത്തിൽ 28 ദിവസത്തെ ഡ്രൈവിംഗും രണ്ട് ദിവസത്തെ തിയറി ക്ലാസുകളും ഉൾപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *