തർക്കത്തിനൊടുവിൽ അയൽവാസി കാറിടിച്ചു വീഴ്ത്തി; മെൽബണിൽ 53-കാരിക്ക്‌ ദാരുണാന്ത്യം

മെൽബൺ: മെൽബണിലെ റിസർവോയറിൽ അയൽവാസിയുമായുണ്ടായ തർക്കത്തിനൊടുവിൽ കാറിടിച്ചു വീഴ്ത്തിയതിനെത്തുടർന്ന് 53-കാരിയായ മുത്തശ്ശി കൊല്ലപ്പെട്ടു. സെസ്റ്റൺ സ്ട്രീറ്റിലെ സ്വന്തം വീടിന്റെ ഡ്രൈവ്‌വേയിൽ വെള്ളിയാഴ്ച രാത്രി 7.40-ഓടെയാണ് മെലോണി മക്കേ എന്ന സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ അയൽവാസി ലൂക്ക് റെയ്‌നിയെ (44) കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.

അയൽവാസികൾ തമ്മിലുണ്ടായ രൂക്ഷമായ വാക്കുതർക്കമാണ് അക്രമാസക്തമായ ഏറ്റുമുട്ടലിൽ കലാശിച്ചതെന്ന് വിക്ടോറിയ പോലീസ് അറിയിച്ചു. തർക്കത്തിനിടെ ഒരു ഷോപ്പിംഗ് ട്രോളി കാറിന് നേരെ എറിഞ്ഞതായും ഇതിനു പിന്നാലെ പ്രതി മനഃപൂർവം മെലോണിയെ കാറിടിച്ചു വീഴ്ത്തുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. സംഭവസ്ഥലത്തെത്തിയ പാരാമെഡിക്കൽ സംഘം ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വീടിന്റെ ഉമ്മറപ്പടിക്കൽ വെച്ച് തന്നെ മെലോണി മരണത്തിന് കീഴടങ്ങി.

തന്റെ അമ്മ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് തങ്ങളെ വളർത്തിയതെന്നും പേരക്കുട്ടികളോട് വളരെയധികം സ്നേഹം കാണിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നും മകൻ ട്രെന്റ് ഒട്ട്രി മാധ്യമങ്ങളോട് പറഞ്ഞു. ഈ വിയോഗം ഉൾക്കൊള്ളാൻ കുടുംബത്തിന് സാധിച്ചിട്ടില്ലെന്നും സങ്കടവും ദേഷ്യവും നിറഞ്ഞ അവസ്ഥയിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിലെ രണ്ട് മക്കൾ വീടില്ലാത്ത അവസ്ഥയിലാണെന്നും സംസ്കാര ചടങ്ങുകൾക്കുള്ള പണം കണ്ടെത്താൻ പ്രയാസപ്പെടുകയാണെന്നും മകൻ വ്യക്തമാക്കി. ഇതിനായി നിലവിൽ ഒരു ഗോഫണ്ട്മി (GoFundMe) പേജ് ആരംഭിച്ചിട്ടുണ്ട്.

പ്രതി ലൂക്ക് റെയ്‌നിയെ ശനിയാഴ്ച വീഡിയോ ലിങ്ക് വഴി മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. താൻ രണ്ട് കുട്ടികളുടെ സംരക്ഷകനാണെന്ന് ഇയാൾ കോടതിയെ അറിയിച്ചെങ്കിലും ജാമ്യത്തിനായി അപേക്ഷ നൽകിയില്ല. കേസ് കോടതി വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *