കാഠ്മണ്ഡു: നേപ്പാളിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കനത്ത തിരിച്ചടി. നെഹ്‌പാളിലെ ജാപ്പ-5 മണ്ഡലത്തിൽ നടന്ന മത്സരത്തിൽ, മുൻ പ്രധാനമന്ത്രിയും നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി ചെയർമാനുമായ കെ.പി. ശർമ ഒലിയെ വൻ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തി രാഷ്ട്രീയ സ്വതന്ത്രതാ പാർട്ടി യുവനേതാവായ ബലേന്ദ്ര ഷാ വിജയിച്ചു.
ബലേന്ദ്ര ഷാ 68,348 വോട്ടുകൾ നേടിയപ്പോൾ കെ.പി. ശർമ ഒലിക്ക് 18,734 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. 49,614 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബലേന്ദ്ര ഷാ വിജയം ഉറപ്പിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ തിരിച്ചടി നേരിടുമെന്ന സൂചനകൾ ലഭിച്ചിരുന്നു. മാർച്ച് അഞ്ചിനായിരുന്നു നേപ്പാളിൽ തെരഞ്ഞെടുപ്പ് നടന്നത്.
മുൻ റാപ്പർ കൂടിയായ ബലേന്ദ്ര ഷാ ജെൻസി പ്രക്ഷോഭത്തിലെ പ്രധാന നേതാക്കളിലൊരാളാണ്. അഴിമതി, സ്വജനപക്ഷപാതം, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ യുവാക്കൾ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. കെ.പി. ശർമ ഒലിയുടെ ഭരണകാലത്ത് നടന്ന ഈ പ്രക്ഷോഭത്തെ സൈന്യത്തെ ഉപയോഗിച്ചാണ് നേരിട്ടിരുന്നത്. പ്രക്ഷോഭത്തിനിടെ 77 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങൾക്ക് കൃത്യം ആറ് മാസത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.
275 അംഗങ്ങളുള്ള നേപ്പാളിലെ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലേക്ക് നടന്ന ഈ തെരഞ്ഞെടുപ്പ് ഫലം നേപ്പാളിലെ രാഷ്ട്രീയ ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

