ശ്രീചിത്ര എഞ്ചിനീയറിംഗ് കോളേജിന് പുതിയ അക്കാദമിക് ബ്ലോക്ക്; ശിലാസ്ഥാപനം മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവ്വഹിച്ചു

തിരുവനന്തപുരം: പാപ്പനംകോട് ശ്രീചിത്ര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണത്തിന് തുടക്കമായി. പദ്ധതിയുടെ ശിലാസ്ഥാപനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവ്വഹിച്ചു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളുന്ന സാങ്കേതിക വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി ചടങ്ങിൽ വ്യക്തമാക്കി.

കേവലം കെട്ടിടങ്ങൾ ഉയർത്തുന്നതല്ല സർക്കാരിന്റെ നയമെന്നും പാഠ്യപദ്ധതിയിലും അടിസ്ഥാന സൗകര്യങ്ങളിലും കാലോചിതമായ പരിഷ്കാരങ്ങൾ കൊണ്ടുവരിക എന്നതാണ് പ്രധാനമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പുതിയ അക്കാദമിക് ബ്ലോക്ക് സജ്ജമാകുന്നതോടെ കോളേജിന്റെ വിദ്യാഭ്യാസ നിലവാരത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒമ്പത് കോടി രൂപ ചെലവഴിച്ചാണ് മൂന്ന് നിലകളുള്ള ഈ പുതിയ മന്ദിരം നിർമ്മിക്കുന്നത്. താഴത്തെ നിലയിൽ നാല് വലിയ ലാബുകളും സ്റ്റാഫ് റൂമുകളും സജ്ജീകരിക്കും. ഒന്നാം നിലയിൽ മൂന്ന് ലാബുകൾക്കും ക്ലാസ് റൂമിനുമൊപ്പം സ്റ്റാഫ് റൂമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം നിലയിൽ നാല് ക്ലാസ് റൂമുകൾ, എച്ച്.ഒ.ഡി റൂം, വിദ്യാർത്ഥികൾക്കുള്ള വെയിറ്റിംഗ് റൂമുകൾ എന്നിവയുമുണ്ടാകും. ലിഫ്റ്റ് സൗകര്യവും എല്ലാ നിലകളിലും പ്രത്യേക ടോയ്ലെറ്റുകളും ഉൾപ്പെടുത്തി ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *