ന്യൂഡല്‍ഹി: ലോക്‌സഭാ നടപടികളില്‍ വലിയ മാറ്റത്തിന് തുടക്കമിട്ട് സ്പീക്കര്‍ ഓം ബിര്‍ള. വരാനിരിക്കുന്ന ബജറ്റ് സമ്മേളനം മുതല്‍ ലോക്‌സഭാ അംഗങ്ങള്‍ സഭയ്ക്കുള്ളിലെ തങ്ങളുടെ നിശ്ചിത സീറ്റുകളില്‍ ഇരുന്നുകൊണ്ട് മാത്രമേ ഹാജര്‍ രേഖപ്പെടുത്താന്‍ പാടുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു. ലഖ്നൗവില്‍ നടന്ന പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ യോഗത്തിലാണ് സ്പീക്കര്‍ ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
മുന്‍പ് സഭയ്ക്ക് പുറത്തുള്ള ലോബിയിലെ രജിസ്റ്ററില്‍ ഒപ്പിട്ടോ മറ്റ് കൗണ്ടറുകളിലോ ഹാജര്‍ രേഖപ്പെടുത്താമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം സഭയ്ക്കുള്ളിലെ ഓരോ അംഗത്തിന്റെയും സീറ്റിലുള്ള മള്‍ട്ടിമീഡിയ കണ്‍സോളിലൂടെ മാത്രമേ ഹാജര്‍ രേഖപ്പെടുത്താന്‍ സാധിക്കൂ. എംപിമാരുടെ വിരലടയാളം ഉപയോഗിച്ചായിരിക്കും ഹാജര്‍ രേഖപ്പെടുത്തുക. ഇത് ഹാജര്‍ നിലയില്‍ കൂടുതല്‍ സുതാര്യതയും കൃത്യതയും ഉറപ്പാക്കും.സഭ നിര്‍ത്തിവെച്ചിരിക്കുന്ന സമയത്തോ ബഹളം മൂലം തടസ്സപ്പെട്ടിരിക്കുന്ന സമയത്തോ ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയില്ല.
സഭ കൃത്യമായി നടക്കുമ്പോള്‍ മാത്രമേ ഈ ഡിജിറ്റല്‍ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ.സഭയ്ക്ക് പുറത്ത് ഒപ്പിട്ട ശേഷം ചര്‍ച്ചകളില്‍ പങ്കെടുക്കാതെ പോകുന്ന രീതി ഒഴിവാക്കാനും സഭയ്ക്കുള്ളില്‍ എംപിമാരുടെ സാന്നിധ്യം പരമാവധി ഉറപ്പാക്കാനുമാണ് ഈ നീക്കം. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് സഭയില്‍ ഹാജര്‍ രേഖപ്പെടുത്തേണ്ടതില്ലാത്തതിനാല്‍ അവര്‍ക്ക് ഈ പുതിയ നിയമം ബാധകമായിരിക്കില്ല.
ജനുവരി 28-ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനം മുതലാണ് ഈ പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഹാജര്‍ രേഖപ്പെടുത്താത്ത ദിവസങ്ങളില്‍ എംപിമാര്‍ക്ക് ലഭിക്കുന്ന ദൈനംദിന അലവന്‍സുകള്‍ ഉണ്ടായിരിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സഭയെ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് ഈ മാറ്റം. ഇതിനായി ലോക്‌സഭയിലെ ഓരോ സീറ്റിലും ആവശ്യമായ സാങ്കേതിക സജ്ജീകരണങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

