വര്‍ധിപ്പിച്ച വീസ ഫീസ് പുതിയ അപേക്ഷകള്‍ക്കു മാത്രം. നിലവിലെ വീസ ഉടമകള്‍ക്കും പുതുക്കലുകാര്‍ക്കും ബാധകമല്ലെന്ന് യുഎസ്

വാഷിങ്ടണ്‍: എച്ച് 1 ബി വീസയുടെ വര്‍ധിപ്പിച്ച ഫീസ് നിലവില്‍ വീസയുള്ളവര്‍ക്കു ബാധകമായിരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പുതിയതായി വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കു മാത്രമായിരിക്കും ഒരു ലക്ഷം യുഎസ് ഡോളറിന്റെ ഫീസ് ബാധകമാകുക. നിലവില്‍ വീസയുള്ളവരുടെ വീസയുടെ പുതുക്കലിനും ഇതു ബാധകമായിരിക്കില്ലെന്ന് യു എസ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ആരും അവധി റദ്ദാക്കി തിരികെ വരാന്‍ ശ്രമിക്കേണ്ടതില്ലെന്നു ഇതു സംബന്ധമായി കുറിപ്പിലുണ്ട്. എച്ച് 1 ബി വീസയുള്ളവര്‍ പതിനാലു ദിവസം യുഎസില്‍ തന്നെ തുടരണമെന്നും അവധിയിലുള്ളവര്‍ എത്രയും വേഗം തിരികെയെത്തണമെന്നു ടെക് കമ്പനികള്‍ ആവശ്യപ്പെട്ടതോടെയാണ് വീസ ഉടമകളില്‍ ആശങ്ക വ്യാപിച്ചത്. യുഎസ് വിശദീകരണത്തോടെ ഇവരുടെ ആശങ്കയ്ക്കാണ് അവസാനമാകുന്നത്.