ജനുവരി 9 മുതല്‍ ഓസ്ട്രേലിയയില്‍ ചില പ്രധാന നിയമമാറ്റങ്ങള്‍ നിലവില്‍ വന്നു. പുതുക്കിയ ഇന്ഡക്സേഷന് അനുസരിച്ച് സെന്റര്‍ലിങ്ക് പേയ്മെന്റുകളിലും പെന്ഷന് തുകകളിലും വര്‍ധനവുണ്ടാകും. ഇത് ജീവിതച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാകും. അതേസമയം, റോഡ് സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക ഗണ്യമായി വര്‍ധിപ്പിച്ചു. ചില ഗുരുതര ലംഘനങ്ങള്‍ക്ക് 2,000 ഡോളര്‍ വരെ പിഴ ഈടാക്കാനാണ് പുതിയ തീരുമാനം.ഏകദേശം 10 ലക്ഷത്തിലധികം ഓസ്ട്രേലിയക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ രണ്ടാഴ്ചയില്‍ 20 മുതല്‍ 35 ഡോളര്‍ വരെ വര്‍ധനവുണ്ടാകും.മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായധനത്തിലും സമാനമായ വര്‍ധനവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.21 വയസ്സില്‍ താഴെയുള്ള ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങളിലും ഇന്ഡക്സേഷന് (Indextion) അനുസരിച്ചുള്ള വര്‍ധനവ് ഇന്നു മുതല്‍ അക്കൗണ്ടുകളില്‍ പ്രതിഫലിക്കും.വാടക കുതിച്ചുയരുന്ന സാഹചര്യത്തില്‍, അര്‍ഹരായവര്‍ക്ക് ലഭിക്കുന്ന പരമാവധി വാടക സഹായത്തിലും നേരിയ വര്‍ധനവ് വരുത്തിയിട്ടുണ്ട്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരുകള്‍ ട്രാഫിക് പിഴകളില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. നിയമലംഘനങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ പിഴ നിരക്കുകള്‍ താഴെ പറയുന്നവയാണ്:
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ഈടാക്കുന്ന പിഴ പല സംസ്ഥാനങ്ങളിലും 1,200 ഡോളര്‍ കടന്നു. ഇതിനൊപ്പം ഡീമെറിറ്റ് പോയിന്റുകളും (D-emerit Points) വര്‍ധിപ്പിച്ചിട്ടുണ്ട്.
നിശ്ചിത വേഗതയേക്കാള്‍ 10 കി.മീ കൂടുതല്‍ വേഗതയില്‍ പോകുന്നവര്‍ക്ക് പോലും വലിയ പിഴ നല്‍കേണ്ടി വരും.45 കി.മീറ്ററില്‍ കൂടുതല്‍ വേഗതയില്‍ പോകുന്നവര്‍ക്ക് 2,800 ഡോളര്‍ വരെയാണ് പുതിയ പിഴ.സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കും തെറ്റായ രീതിയില്‍ ധരിക്കുന്നവര്‍ക്കും ഏകദേശം 500 മുതല്‍ 1,100 ഡോളര്‍ വരെ പിഴ ഈടാക്കും. ക്യാമറകള്‍ ഉപയോഗിച്ചുള്ള പരിശോധന ഇന്നു മുതല്‍ കൂടുതല്‍ കര്‍ശനമാക്കും.സ്കൂള്‍ സോണുകളിലെ നിയമലംഘനങ്ങള്‍ക്ക് ഇരട്ടി പിഴയും ഡീമെറിറ്റ് പോയിന്റുകളും ഈടാക്കുന്ന രീതി തുടരും.
ഇവ കൂടാതെ, തൊഴിലിടങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട ‘ക്ലോസിംഗ് ലോപ്ഹോള്സ്’ നിയമത്തിന്റെ അടുത്ത ഘട്ടവും ഇന്ന് പ്രാബല്യത്തില്‍ വന്നു. കാഷ്വല്‍ ജീവനക്കാര്‍ക്ക് സ്ഥിരം ജോലിക്കാരനായി മാറാനുള്ള നിബന്ധനകള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട്. കൂടാതെ, നിശ്ചിത വരുമാന പരിധിക്ക് മുകളിലുള്ളവര്‍ക്ക് ചൈല്‍ഡ് കെയര്‍ സബ്സിഡിയില്‍ ചെറിയ മാറ്റങ്ങളും വന്നിട്ടുണ്ട്.

