പണമില്ലാത്തവർക്കും ഇനി മികച്ച ചികിത്സ; ബ്ലാക്ക്ടൗണിലെ മെഡിക്കെയർ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

സിഡ്‌നി: സിഡ്‌നിയിലെ ജനസാന്ദ്രതയേറിയ ബ്ലാക്ക്ടൗണിൽ (Blacktown) അത്യാധുനിക സൗകര്യങ്ങളോടെയുള്ള ‘മെഡിക്കെയർ മെന്റൽ ഹെൽത്ത് സെന്റർ’ പ്രവർത്തനം ആരംഭിച്ചു. 2.4 മില്യൺ ഡോളർ ചിലവഴിച്ച് ബ്ലാക്ക്ടൗണിലെ 114 മെയിൻ സ്ട്രീറ്റിൽ സജ്ജീകരിച്ചിരിക്കുന്ന ഈ കേന്ദ്രം, ഡോക്ടറുടെ റഫറലോ മുൻകൂട്ടി ബുക്ക് ചെയ്ത അപ്പോയിന്റ്‌മെന്റോ ഇല്ലാതെ തന്നെ ആർക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

മാനസികാരോഗ്യ ചികിത്സാ രംഗത്തെ നീണ്ട കാത്തിരിപ്പും ഉയർന്ന ചികിത്സാ ചിലവും കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് അൽബാനീസ്-മിൻസ് സർക്കാരുകൾ സംയുക്തമായി ഈ പദ്ധതി നടപ്പിലാക്കുന്നത്. തികച്ചും സൗജന്യമായി ചികിത്സ ലഭ്യമാകുന്ന ഈ കേന്ദ്രം, സാമ്പത്തിക പ്രതിസന്ധിയും ജീവിതച്ചെലവും നേരിടുന്ന കുടുംബങ്ങൾക്ക് വലിയൊരു തുണയാകും. വെസ്റ്റേൺ സിഡ്‌നിയിലെ മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റ സമൂഹത്തിന് ഈ സേവനം ഏറെ ഗുണകരമാകുമെന്ന് ഫെഡറൽ മന്ത്രി ക്രിസ് ബോവനും എൻ.എസ്.ഡബ്ല്യു പ്രീമിയർ ക്രിസ് മിൻസും വ്യക്തമാക്കി.

നിലവിൽ ന്യൂ സൗത്ത് വെയിൽസിൽ 18 കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമാണ്. സഹായം ആവശ്യമുള്ളവർക്ക് 1800 595 212 എന്ന നമ്പറിലൂടെ ഈ സേവനത്തെക്കുറിച്ച് കൂടുതൽ അറിയാൻ സാധിക്കും

Leave a Reply

Your email address will not be published. Required fields are marked *