സിഡ്‌നി: ന്യൂ സൗത്ത് വെയ്‌ൽസ് നിവാസികൾക്ക് സന്തോഷവാർത്തയുമായി പ്രീമിയർ ക്രിസ് മിൻസ്. ഈ വർഷവും അടുത്ത വർഷവും അൻസാക് ദിനം വാരാന്ത്യങ്ങളിൽ വരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് അധിക പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി.ഇതോടെ 2026 ഏപ്രിൽ 27 തിങ്കളാഴ്ചയും 2027 ഏപ്രിൽ 26 തിങ്കളാഴ്ചയും സംസ്ഥാനത്ത് പൊതു അവധിയായിരിക്കും.
വ്യവസായ ബന്ധ മന്ത്രി സോഫി കോട്‌സിസ് ഒപ്പിട്ട പൊതു അവധി നിയമ ഭേദഗതിയുടെ പകർപ്പ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചുകൊണ്ടാണ് പ്രീമിയർ ഈ പ്രഖ്യാപനം നടത്തിയത്. “ന്യൂ സൗത്ത് വെയ്‌ൽസ്, നിങ്ങളുടെ അധിക പൊതു അവധി ഇപ്പോൾ ഔദ്യോഗികമായിരിക്കുന്നു,” എന്ന് അദ്ദേഹം കുറിച്ചു. നിലവിൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിലും എ.സി.ടിയിലും വാരാന്ത്യങ്ങളിൽ അൻസാക് ദിനം വരുമ്പോൾ ഇത്തരത്തിൽ അധിക അവധി നൽകാറുണ്ട്. ഈ മാതൃക പിന്തുടരാനാണ് ഇപ്പോൾ എൻ.എസ്.ഡബ്ല്യു സർക്കാരും തീരുമാനിച്ചിരിക്കുന്നത്.
സർക്കാരിന്റെ ഈ തീരുമാനത്തെ വലിയൊരു വിഭാഗം ജനങ്ങൾ സ്വാഗതം ചെയ്തപ്പോൾ, ചില കോണുകളിൽ നിന്ന് വിമർശനവും ഉയരുന്നുണ്ട്. അൻസാക് ദിനം എന്നത് രാജ്യത്തിനായി ജീവൻ ബലിനൽകിയവരെ സ്മരിക്കാനും ആദരിക്കാനുമുള്ള ദിനമാണെന്നും,അതൊരു വെറും ‘അവധി ദിനമായി’ കാണരുതെന്നും സിഡ്‌നി റെസിറ്റൽ ഹാൾ ഡയറക്ടർ സ്കോട്ട് ഫിലിപ്സ് ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു. അനുസ്മരണ ത്തിന് പകരം വെറും വിശ്രമത്തിനായി തിങ്കളാഴ്ച അവധി നൽകുന്നതിൽ ന്യായീകരണമില്ലെന്നും, അവധി വേണമെങ്കിൽ മറ്റൊരു ദിവസം നൽകാമായിരുന്നുവെന്നുമാണ് വിമർശകരുടെ വാദം. എങ്കിലും ഭൂരിഭാഗം ആളുകളും പ്രീമിയറുടെ ഈ നീക്കത്തെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചു.

