തനത് വന്യജീവി സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഉടമകളില്ലാതെ രാജ്യത്ത് അലഞ്ഞുതിരിയുന്ന പൂച്ചകളെ (ഫെറല്‍ ക്യാറ്റ്) 2050-ഓടെ പൂര്‍ണമായും ഉന്മൂലനം ചെയ്യാന്‍ ന്യൂസീലന്‍ഡില്‍ പദ്ധതി. ഇത്തരം പൂച്ചകള്‍ ‘ക്രൂരരായ കൊലയാളികള്‍’ ആണെന്ന് വിശേഷിപ്പിച്ച ന്യൂസീലന്‍ഡ് മന്ത്രി ടാമാ പൊറ്റാക്ക, അവയെ ‘പ്രെഡേറ്റര്‍ ഫ്രീ 2050’ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് സ്ഥിരീകരിച്ചു. പക്ഷികള്‍, വവ്വാലുകള്‍, പല്ലികള്‍, പ്രാണികള്‍ തുടങ്ങിയ തനത് ജീവികള്‍ക്ക് ഭീഷണിയായ അധിനിവേശ ജീവികളെ ലക്ഷ്യമിട്ട് 2016 ല്‍ ആരംഭിച്ച പദ്ധതിയാണിത്
വളര്‍ത്തുപൂച്ചകളില്‍ നിന്ന് വ്യത്യസ്തമായി, മനുഷ്യരുമായി യാതൊരു ബന്ധവുമില്ലാതെ കാടുകളില്‍ ജീവിക്കുകയും ഇര തേടി മാത്രം ഉപജീവനം നടത്തുകയും ചെയ്യുന്ന പൂച്ചകളാണ് ഫെറല്‍ പൂച്ചകള്‍. ഭൂമിയില്‍ മറ്റൊരിടത്തും കാണാത്ത അനേകം ജീവജാലങ്ങളുടെ ആവാസകേന്ദ്രമായ ന്യൂസിലന്‍ഡിന്റെ തനത് ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് ഈ പൂച്ചകളുടെ എണ്ണം നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്നാണു സര്‍ക്കാര്‍ നിലപാട് റാക്യൂറ ദ്വീപിലെ, വംശനാശത്തിന്റെ വക്കിലെത്തിയ പുക്കുനുയി പോലുള്ള തദ്ദേശീയ ജീവികളെ ഇത്തരം പൂച്ചകള്‍ വേട്ടയാടി കൊല്ലുന്നുണ്ട്. നോര്‍ത്ത് ഐലന്‍ഡിലെ ഒഹാകുനെയ്ക്ക് സമീപം ഒരാഴ്ചയ്ക്കുള്ളില്‍ 100-ല്‍ അധികം ഷോര്‍ട്ട്-ടെയില്‍ഡ് വവ്വാലുകളെ ഫെറല്‍ പൂച്ചകള്‍ കൊന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ന്യൂസിലന്‍ഡിലെ വനങ്ങളിലും സമീപ ദ്വീപുകളിലുമായി 25 ലക്ഷത്തിലധികം ഉടമയില്ലാപ്പൂച്ചകളുണ്ട്. .തദ്ദേശീയരായ പക്ഷികള്‍, വവ്വാലുകള്‍, പല്ലികള്‍, പ്രാണികള്‍ എന്നിവയ്ക്ക് ഇവ വലിയ ഭീഷണിയാണ്. രോഗങ്ങള്‍ പരത്തുന്നതിലും കാട്ടുപൂച്ചകള്‍ക്ക് പങ്കുണ്ട്. ഇവ വഹിക്കുന്ന ടോക്സോപ്ലാസ്മോസിസ് എന്ന രോഗം ഡോള്ഫിനുകള്ക്ക് ഹാനികരമാവുകയും മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുകയും കന്നുകാലികളിലേക്ക് പടര്‍ന്ന് കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യും
തദ്ദേശീയ വന്യജീവികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന അധിനിവേശ ജീവികളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നേതൃത്വം നല്കുന്ന പദ്ധതിയാണ് ന്യൂസിലന്‍ഡിന്റെ പ്രെഡേറ്റര്‍ ഫ്രീ 2050. ഫെററ്റ്, സ്റ്റോട്ട്, വീസല്‍, എലി, പോസം തുടങ്ങിയ ജീവികളെ ഈ പദ്ധതിയുടെ ഭാഗമായി ഇതിനകം വിജയകരമായി നിയന്ത്രിച്ചിട്ടുണ്ട്.
ആദ്യം, ദോഷകരമല്ലാത്ത മാംസം ഇരയായി നല്കി പൂച്ചകളെ ആകര്‍ഷിക്കാനാണു പദ്ധതി. തുടര്‍ന്ന് കീടങ്ങളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ‘1080’ എന്ന രാസവസ്തു അടങ്ങിയ വിഷം കലര്‍ത്തിയ മാംസം നല്‍കും. എന്നാല്‍ ഈ രീതി മറ്റ് മൃഗങ്ങള്‍ക്കും ദോഷം ചെയ്യുമെന്നതിനാല്‍ വിവാദത്തിലാണ്.

