പതിനാറുകാരന് ഐസിസില്‍ ചേരാന്‍ അമ്മയുടെയും ആണ്‍സുഹൃത്തിന്റെയും സമ്മര്‍ദം, കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും

തിരുവനന്തപുരം: പതിനാറു വയസുള്ള ബാലനെ ഐസിസില്‍ ചേര്‍ക്കാന്‍ അമ്മയും അമ്മയുടെ ആണ്‍സുഹൃത്തും ചേര്‍ന്നു ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎയ്ക്കു വിടാന്‍ കേരള പോലീസ് ആലോചിക്കുന്നു. നിലവില്‍ യുഎപിഎ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. കുട്ടിയുടെ പ്രവാസിയായ അമ്മ തിരികെ ജോലിസ്ഥലമായ യുകെയിലേക്കു പോയി എന്നായിരുന്നു പോലീസ് കരുതിയിരുന്നതെങ്കിലും ഇവര്‍ തിരികെ പോയിട്ടില്ലെന്നുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നറിയുന്നു.

പത്തനാപുരം സ്വദേശിയാണ് കുട്ടിയുടെ അമ്മ. അവര്‍ ഇതര മതസ്ഥനായ വ്യക്തിയെ മതംമാറി വിവാഹം ചെയ്തതായിരുന്നു. വിവാഹശേഷം യുകെയില്‍ നഴ്‌സായി ജോലി ലഭിച്ച ഇവര്‍ ഭര്‍ത്താവുമൊത്ത് യുകെയിലായിരുന്നു താമസം. അവിടെ ഇവരുടെ വീട്ടില്‍ ഒപ്പം താമസിച്ചിരുന്ന വെമ്പായം സ്വദേശിയുമായി കുട്ടിയുടെ അമ്മ അടുപ്പത്തിലായതോടെ ഭര്‍ത്താവ് തിരികെ നാട്ടിലേക്കു മടങ്ങി. അതോടെ ആദ്യ വിവാഹത്തിലെ പുത്രന്‍ അമ്മയ്ക്കും കടുത്ത മതതീവ്രവാദിയായ ആണ്‍സുഹൃത്തിനും ഒപ്പമായിരുന്നു താമസം. ഈ ബന്ധത്തിലുള്ള കുഞ്ഞിന്റെ പ്രസവത്തിനായി സ്ത്രീ കേരളത്തിലേക്കു പോന്ന സമയത്ത് കുട്ടി അമ്മയുടെ ആണ്‍സുഹൃത്തിനൊപ്പമായിരുന്നു താമസം.

ഈ സമയത്തായിരുന്നു ഐസിസില്‍ ചേരുന്നതിന് ഏറ്റവും സമ്മര്‍ദമുണ്ടായത്. ഒടുവില്‍ ആണ്‍സുഹൃത്ത് കുട്ടിയെ കേരളത്തിലേക്ക് വിമാനം കയറ്റി അയയ്ക്കുകയായിരുന്നു. കേരളത്തില്‍ സ്വീകരിക്കാനെത്തിയത് ആണ്‍സുഹൃത്തിന്റെ സഹോദരനായിരുന്നു. അയാള്‍ കനകമല കേസ് എന്ന പേരില്‍ അറിയപ്പെടുന്ന തീവ്രവാദ കേസുമായി ബന്ധമുള്ള ആളാണെന്നും സൂചനയുണ്ട്. അതിനു ശേഷമാണ് കുട്ടി ആറ്റിങ്ങലിലെ മതപഠന കേന്ദ്രത്തില്‍ എത്തുന്നത്. ഇതിനിടെയാണ് ഐസിസില്‍ ചേരാന്‍ സമ്മര്‍ദം നേരിടേണ്ടതായി വന്ന വാര്‍ത്ത പുറത്താകുന്നത്. നിലവില്‍ അമ്മ പോലീസിന്റെ നിരീക്ഷണത്തിലാണെന്നു പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *