മാനന്തവാടി: കേരളത്തിലും കര്‍ണ്ണാടകയിലും മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയെ എക്‌സൈസ് സംഘം പിടികൂടി.
നൈജീരിയന്‍ പൗരന്‍ മുഹമ്മദ് ജാമിയു അബ്ദു റഹീമിനെ വയനാട് ജില്ല അസി. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
വയനാട് ജില്ലയിലെ അന്വേഷണത്തിലിരിക്കുന്ന വിവിധ കേസുകളിലെ പ്രതികളില്‍ നിന്നും പണം സ്വീകരിച്ച് പ്രതികള്‍ക്ക് മയക്കുമരുന്ന് ലഭ്യമാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രധാന ഉറവിടം ബംഗളൂരുവാണ്.ഇവിടെയുള്ള ആഫ്രിക്കന്‍ സ്വദേശികള്‍ക്ക് മയക്കുമരുന്ന് ലഭ്യമാക്കുന്നത് ഇയാളാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് മാസമായി ഇയാള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.അന്വേഷണസംഘം ഡല്‍ഹിയില്‍ എത്തുമ്‌ബോഴേക്കും പ്രതി എത്യോപ്യവഴി നൈജീരിയയിലേക്ക് കടന്നിരുന്നു.പിന്നീട് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും അതിവിദഗ്ദമായി ഇന്ത്യയിലേക്ക് എത്തിക്കുകയും ഇന്തിരാഗാന്ധി വിമാനത്താവളത്തില്‍ ബ്യൂറോ ഓഫ് എമിഗ്രേഷന്റെ സഹായത്തോടെ അറസ്റ്റു ചെയ്യുകയുമായിരുന്നു.പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരാനായി ഡല്‍ഹി പാട്യാല കോടതിയുടെ അനുമതി തേടി. വിമാന മാര്‍ഗം സി.ഐ.എസ്.എഫ് സുരക്ഷയോടെയാണ് പ്രതിയെ നാട്ടില്‍ എത്തിച്ചത്.
മാസത്തില്‍ രണ്ടുതവണ ഇയാള്‍ നൈജീരിയയിലേക്ക് പോയി വരാറുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.എത്യോപ്യയിലെ അഡിസ് അബാബ വഴിയാണ് ഇയാള്‍ പോകാറുള്ളത്.സ്ഥിരമായ ഇടവേളകളില്‍ ഒരേ ഫ്‌ലൈറ്റില്‍ ആണ് പോയി വരുന്നത്. അന്വേഷണത്തിനിടെ പ്രതി നൈജീരിയയില്‍ നിന്നും അഡിസ് അബാബ വിമാനത്താവളത്തിലേക്ക് എത്തിയപ്പോഴേക്കും വിവരം ലഭിച്ചു.സെന്‍ട്രല്‍ ഐ.ബിയുടെ സഹായവും അന്വേഷണസംഘത്തിന് മുതല്‍ക്കൂട്ടായി.തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു.വയനാട് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ സഹായത്തോടെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
തുടര്‍ന്ന് വയനാട് ജില്ല അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വൈ. പ്രസാദിന്റെ പഴുതടച്ചുള്ള അന്വേഷണത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷര്‍ഫുദ്ദീന്‍. ടി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.എസ്. സുഷാദ്, സി.എം. ബേസില്‍, പി.എന്‍. ശ്രീജ മോള്‍, പി.എം.സിനി എന്നിവര്‍ അടങ്ങിയ ആറംഗ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നാലുപേരെ മുന്‍പേ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതായി അസി. എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

