കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിപ രോഗബാധ പടരുന്നതായി റിപ്പോർട്ട്. നിലവിൽ രണ്ടുപേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് രോഗബാധ ഉണ്ടായേക്കാം എന്നാണ് സൂചന. സർക്കാർ സംസ്ഥാനതലത്തിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
ഐസിഎംആറിന്റെ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലാണ് പശ്ചിമബംഗാളിൽ നിന്നുള്ള നിപ കേസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കുന്നതിനായി ഒരു ദേശീയ സംയുക്ത പകർച്ചവ്യാധി പ്രതികരണ സംഘത്തെ കേന്ദ്രസർക്കാർ ബംഗാളിലേക്ക് അയച്ചിട്ടുണ്ട്.
നിലവിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും നിരീക്ഷണം, സമ്പർക്കം കണ്ടെത്തൽ, പ്രതികരണ സംവിധാനങ്ങൾ എന്നിവ സജീവമാക്കിയിട്ടുണ്ടെന്നും കേന്ദ്ര മെഡിക്കൽ സംഘം അറിയിച്ചു. 1998-99 കാലഘട്ടത്തിൽ മലേഷ്യയിൽ പൊട്ടിപ്പുറപ്പെട്ട സമയത്താണ് നിപ്പ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. പ്രധാനമായും പന്നി വളർത്തുന്നവർക്കിടയിലാണ് ഈ അണുബാധ പടർന്നത്. പ്രാരംഭ ഘട്ടത്തിൽ തന്നെ അണുബാധ 100-ലധികം പേരുടെ മരണത്തിന് കാരണമായി.

