ന്യൂഡൽഹി: പശ്ചിമബംഗാളിൽ റിപ്പോർട്ട് ചെയ്ത നിപ കേസുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചില മാധ്യമങ്ങൾ തെറ്റായ കണക്കുകളാണ് പ്രചരിപ്പിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡിസംബർ മുതൽ രണ്ട് കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സമ്പർക്കത്തിൽ വന്ന 196 പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പരിശോധനകളും നിരീക്ഷണവും തുടരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം രണ്ട് നഴ്സുമാർക്കാണ് പശ്ചിമ ബംഗാളിൽ നിപ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ആരോഗ്യപ്രവർത്തകരാണ് നഴ്സുമാരുടെ സമ്പർക്ക പട്ടികയിലെ ഭൂരിഭാഗവും. ബാരാസത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരാണ് നിപ ബാധിച്ച് ചികിത്സയിലുള്ളത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പശ്ചിമ ബംഗാൾ സർക്കാരും അറിയിക്കുന്നത്. കേന്ദ്രം പ്രത്യേക സംഘത്തെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.

