ന്യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റ് ഫെബ്രുവരി ഒന്നിനു അവതരിപ്പിക്കും. സാന്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്ന തരത്തിലുള്ള പദ്ധതികൾ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ബജറ്റ് അവതരണത്തോടെ, മുൻ പ്രധാന മന്ത്രി മോറാർജി ദേശായി വിവിധ കാലഘട്ടങ്ങളിലായി അവതരിപ്പിച്ച 10 ബജറ്റുകൾ എന്ന റിക്കാർഡുകൾക്കൊപ്പം നിർമല സീതാരാമൻ എത്തും. മൊറാർജി ദേശായി തന്‍റെ ഔദ്യോഗിക ധനമന്ത്രിയായിരുന്ന 1959-1964 കാലഘട്ടത്തിൽ ആറു ബജറ്റുകളും 1967- 1969 നാലു ബജറ്റുകളും അവതരിപ്പിച്ചിരുന്നു. വിവിധ പ്രധാനമന്ത്രിമാരുടെ ഭരണകാലയളവിൽ മുൻ ധനമന്ത്രിമാരായ പി. ചിദംബരം ഒൻപത് തവണയും പ്രണബ് മുഖർജി എട്ട് തവണയും ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലയളവിൽ തുടർച്ചയായി ഒന്പതു തവണ ബജറ്റുകൾ അവതരിപ്പിച്ച്, ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച റിക്കാർഡും നിർമല സീതാരാമനു സ്വന്തമാണ്. 2024-ൽ മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വന്നപ്പോൾ, നിർമല സീതാരാമൻ തന്നെ ധനമന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു. 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് ഉൾപ്പെടെ, ഇതുവരെ തുടർച്ചയായി എട്ട് ബജറ്റുകളാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്.

