ദേശീയ രാഷ്ട്രീയത്തിലേക്ക് നിതീഷ് കുമാർ: രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ന്യൂഡൽഹി/പട്ന: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാർ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബിഹാർ നിയമസഭാ മന്ദിരത്തിലെത്തിയാണ് അദ്ദേഹം പത്രിക നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി സംസ്ഥാന അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയ പ്രമുഖ നേതാക്കൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

തന്റെ പാർലമെന്ററി ജീവിതത്തിന്റെ തുടക്കം മുതൽ ബിഹാർ നിയമസഭയുടെയും പാർലമെന്റിന്റെയും ഇരുസഭകളിലും അംഗമാകണമെന്നത് വലിയൊരു ആഗ്രഹമായിരുന്നുവെന്ന് പത്രികാ സമർപ്പണത്തിന് മുന്നോടിയായി സോഷ്യൽ മീഡിയയിലൂടെ നിതീഷ് കുമാർ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തന്നെ വിശ്വസിച്ച് മുഖ്യമന്ത്രി പദമേൽപ്പിച്ച ബിഹാറിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. സജീവ രാഷ്ട്രീയത്തിൽ തുടർന്നും ബിഹാറിന്റെ വികസനത്തിനായി പുതിയ സർക്കാരിന് എല്ലാവിധ മാർഗനിർദ്ദേശങ്ങളും പിന്തുണയും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

നിതീഷ് കുമാർ രാജ്യസഭയിലേക്ക് മാറുന്നതോടെ ബിഹാർ രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കമാവുകയാണ്. റെക്കോർഡ് പത്താം തവണ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ഉടൻ തന്നെ സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 9-ന് നിലവിലുള്ള അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നതോടെ അദ്ദേഹം രാജ്യസഭയിൽ എത്തും. ഇതോടെ ബിഹാറിൽ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കാനുള്ള സാധ്യതകളും തെളിയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *