ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മാച്ചിനുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമില്‍ നിതീഷ് കുമാര്‍ റെഡ്ഡി ഉള്‍പ്പെടാന്‍ സാധ്യത. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം ടെസ്റ്റിലേറ്റ പരിക്കിനു ശേഷം ആശുപത്രി വിട്ടുവെങ്കിലും കളിക്കാനിറങ്ങാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ഇനിയും തീര്‍ച്ചയായിട്ടില്ല. കളിക്കാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചേക്കില്ലെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. അങ്ങനെയെങ്കില്‍ പകരക്കാരനായി നിതീഷ് കുമാറിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്.
കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കളി അവസാനിപ്പിച്ച ഗില്ലിന് രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങാനെ സാധിച്ചിരുന്നില്ല. ഇതും പരാജയത്തിനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു ഗില്ലിനു പരിക്കേല്‍ക്കുന്നത്.
ഈ നൂറ്റാണ്ടില്‍ ഇതുവരെ ഇന്ത്യന്‍ മണ്ണില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്‌ക്കെതിരേ ടെസ്റ്റ് മാച്ചില്‍ വിജയം നേടാന്‍ സാധിച്ചിരുന്നതല്ല. അങ്ങനെയിരിക്കെയാണ് ആദ്യ ടെസ്റ്റില്‍ പ്രോട്ടിസ് വിജയം കൈപ്പിടിയിലൊതുക്കിയത്. രണ്ടാം ടെസ്റ്റ് കൂടി ദക്ഷിണാഫ്രിക്ക വിജയിക്കുകയാണെങ്കില്‍ പരമ്പര തന്നെ അവര്‍ കൊണ്ടുപോകും. അതിനാല്‍ ജയം ഒഴികെ മറ്റൊരു സാധ്യതയും മുന്നിലില്ലാതെയാണ് ഇന്ത്യ ഗോഹട്ടിയില്‍ കളിക്കിറങ്ങേണ്ടത്. അങ്ങനെയെങ്കില്‍ 1-1 എന്ന സമനിലയിലെങ്കിലും ഈ പരമ്പര അവസാനിപ്പിക്കാന്‍ സാധിക്കും. ഈ മാസം 22നാണ് രണ്ടാമത്തെ ടെസ്റ്റ് ഗോഹട്ടിയില്‍ നടക്കുന്നത്.

