രാജ്യാന്തരശ്രദ്ധയാകർഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് 2026 ജനുവരി 7 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ നടക്കും. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ജനുവരി ഏഴിന് രാവിലെ 11 മണിക്ക് ആർ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പ്രമുഖ വ്യക്തികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. 180 പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവത്തിൽ 300 സ്റ്റാളുകളായിരിക്കും ഉണ്ടാവുക. പുസ്തകപ്രകാശനങ്ങൾ, പുസ്തകചർച്ചകൾ, സംവാദങ്ങൾ, എഴുത്തുകാരുമായുള്ള അഭിമുഖസംഭാഷണങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങി നിരവധി പരിപാടികൾ ആറ് വേദികളിലായി നടക്കുന്നമെന്ന് മീഡിയാ സെൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു.
മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗുരിബ് ഫക്കിം, ശ്രീലങ്കൻ സാഹിത്യകാരൻ ചൂളാനന്ദ സമരനായകെ, ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്താഖ്, തസ്ലിമ നസ്രിൻ, റാണാ അയൂബ്, പ്രഫുൽ ഷിലേദാർ, സൈറ ഷാ ഹലീം, ടി.എം. കൃഷ്ണ, ആകാർ പട്ടേൽ, ശശി തരൂർ, പി. സായിനാഥ്, സ്റ്റാൻലി ജോൺ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഡി.ജി.പി റവാഡ ചന്ദ്രശേഖർ, വേണു രാജാമണി ഉൾപ്പെടെ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ നിരവധി എഴുത്തുകാരും മാധ്യമപ്രവർത്തകരും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും ഉദ്യോഗസ്ഥരും പങ്കെടുക്കും. ടി. പത്മനാഭൻ, എൻ.ഇ. സുധീർ, വി. മധുസൂദനൻ നായർ, കെ.ആർ.മീര, ടി.ഡി. രാമകൃഷ്ണൻ, സുഭാഷ് ചന്ദ്രൻ, എസ്.ഹരീഷ്, ആർ. രാജശ്രീ, ജി.ആർ. ഇന്ദുഗോപൻ, അംബികാസുതൻ മങ്ങാട്, ഹരിത സാവിത്രി, ലാൽജോസ് തുടങ്ങിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരും കലാകാരന്മാരും പുസ്തകോത്സവത്തിന്റെ ഭാഗമാകും.
ചിരിയും ചിന്തയുമായി മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന ശ്രീനിവാസന്റെ ഓർമ്മയിൽ പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ തുടങ്ങിയവർ ഒത്തുചേരുന്ന പരിപാടി ഉണ്ടായിരിക്കും. കെ.സി. വേണുഗോപാൽ, എം.എ. ബേബി, എം.വി. ഗോവിന്ദൻ മാസ്റ്റർ, ബിനോയ് വിശ്വം തുടങ്ങിയ രാഷ്ട്രീയരംഗത്തെ പ്രമുഖ നേതാക്കളും മന്ത്രിമാരും സാമാജികരും വിവിധ സെഷനുകളിലായി പങ്കെടുക്കും.
ഏഴ് ദിവസങ്ങളിലായി പത്ത് ചാനലുകൾ അവതരിപ്പിക്കുന്ന മെഗാഷോകൾ ഉണ്ടായിരിക്കും. വൈകുന്നേരങ്ങളിൽ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ വച്ചാണ് മെഗാഷോകൾ അരങ്ങേറുക. കെ.എസ്. ചിത്ര, സിത്താര കൃഷ്ണകുമാർ, ഗൗരിലക്ഷ്മി, ശ്വേതാ മേനോൻ, മഞ്ജരി, ശ്രീനിവാസ്, ശരത്, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, ഹരി ശങ്കർ, മെന്റലിസ്റ്റ് ആദി തുടങ്ങിയ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന 10 മെഗാഷോകളാണുള്ളത്. ഓരോ മെഗാ ഷോകളിലും മന്ത്രിമാരുടെയും മറ്റു സാമാജികരുടെയും പങ്കാളിത്തം ഉണ്ടായിരിക്കും.
ജനുവരി 8 മുതൽ 12 വരെ വടക്കൻ കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം അവതരിപ്പിക്കും. തെയ്യാവതരണത്തിന്റെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. പത്മശ്രീ ഇ.പി. നാരായണന്റെ നേതൃത്വത്തിൽ മാഹി, തെയ്യം പൈതൃക സമിതിയാണ് തെയ്യങ്ങളെ അവതരിപ്പിക്കുന്നത്. പൊട്ടൻ തെയ്യം, അഗ്നികണ്ഠാകർണൻ തെയ്യം, കുട്ടിച്ചാത്തൻ തിറ, പൂക്കുട്ടിച്ചാത്തൻ തുടങ്ങിയ വിവിധ തെയ്യങ്ങളാണ് അരങ്ങേറുക. ഒരു ദിവസം കളരിപ്പയറ്റ് പ്രദർശനവും ഉണ്ടായിരിക്കും.

