റിപ്പോ നിരക്കിൽ മാറ്റമില്ല; പലിശ നിരക്കുകൾ 5.25 ശതമാനത്തിൽ നിലനിർത്തി ആർബിഐ

ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ആഭ്യന്തര സാമ്പത്തിക ഭദ്രതയ്ക്ക് മുൻഗണന നൽകിക്കൊണ്ട് റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. വെള്ളിയാഴ്ച നടന്ന പണനയ പ്രഖ്യാപനത്തിൽ റിപ്പോ നിരക്ക് 5.25 ശതമാനമായി തന്നെ നിലനിർത്തുന്നതായും ‘നിഷ്പക്ഷ’ നിലപാട് തുടരുമെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു. ഫെബ്രുവരി 4-ന് ആരംഭിച്ച മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് സുപ്രധാനമായ ഈ പ്രഖ്യാപനം ഉണ്ടായത്.

സാമ്പത്തിക വളർച്ച സ്ഥിരമായി തുടരുകയും എന്നാൽ പണപ്പെരുപ്പ സാധ്യതകൾ പൂർണ്ണമായും വിട്ടുമാറാത്തതുമായ സാഹചര്യത്തിലാണ് പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സമിതി തീരുമാനിച്ചത്. ആഭ്യന്തര പണപ്പെരുപ്പ പ്രവണതകൾ, അസ്ഥിരമായ ആഗോള സാഹചര്യം, അസംസ്‌കൃത എണ്ണവിലയിലെ ചലനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിർണ്ണായക ഘടകങ്ങൾ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിലുള്ള ആറംഗ സമിതി വിശദമായി ചർച്ച ചെയ്തു. കഴിഞ്ഞ ഡിസംബറിൽ റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ നിന്ന് 5.25 ശതമാനമായി ആർബിഐ കുറച്ചിരുന്നു.

വളർച്ചയ്ക്ക് പ്രാധാന്യം നൽകുന്ന കേന്ദ്ര ബജറ്റും പണപ്പെരുപ്പ സമ്മർദ്ദങ്ങൾ കുറഞ്ഞതും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെത്തുടർന്ന് ആഗോള വിപണിയിലുണ്ടായ ആശ്വാസവും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന പശ്ചാത്തലങ്ങളാണ്. ചില്ലറ പണപ്പെരുപ്പം കുറയുന്ന ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും അത് ഇപ്പോഴും ആർബിഐയുടെ സുരക്ഷിത പരിധിക്ക് അടുത്തായതിനാൽ കരുതലോടെയുള്ള സമീപനമാണ് കേന്ദ്ര ബാങ്ക് സ്വീകരിച്ചിരിക്കുന്നത്. വരും മാസങ്ങളിലെ പണപ്പെരുപ്പ സാധ്യതകളും വളർച്ചാ പ്രവചനങ്ങളും വിപണി വൃത്തങ്ങൾ ഇപ്പോൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *