ക്രിസ്മസ് ദിനത്തില്‍ സ്‌കൂളുകള്‍ക്ക് അവധി ഇല്ല; കുട്ടികള്‍ എത്തണമെന്ന നിബന്ധനയുമായി യുപി സര്‍ക്കാര്‍

ദില്ലി: ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സ്‌കൂള്‍ അവധി പട്ടിക പുറത്തിറക്കിത്തുടങ്ങി. പല സംസ്ഥാനങ്ങളിലും ക്രിസ്മസും പുതുവത്സരവും ഉള്‍പ്പെടുത്തി നീണ്ട ശൈത്യകാല അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ഏകദിന അവധിയില്‍ ഒതുക്കിയപ്പോള്‍, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ ക്രിസ്മസ് ദിനത്തില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ അവധി വിവരങ്ങള്‍

കേരളം – ഡിസംബര്‍ 24 മുതല്‍ ജനുവരി അഞ്ച് വരെ

കേരളത്തില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി പത്ത് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകള്‍ ഡിസംബര്‍ 24-ന് അടയ്ക്കുകയും ജനുവരി 5-ന് വീണ്ടും തുറക്കുകയും ചെയ്യും.

ദില്ലി – ഡിസംബര്‍ 25 പൊതുഅവധി

ദില്ലിയിലെ സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 25ന് അവധിയായിരിക്കും. ഡിസംബര്‍ 24 നിയന്ത്രിത അവധിയായതിനാല്‍, അന്ന് സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കണമോ വേണ്ടയോ എന്ന് അതത് സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം.

ഉത്തര്‍പ്രദേശ് – ക്രിസ്മസ് ദിനത്തില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉത്തര്‍പ്രദേശില്‍ ഡിസംബര്‍ 25ന് സ്‌കൂളുകള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

പഞ്ചാബ് – ദീര്‍ഘകാല അവധി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദിവസം സ്‌കൂള്‍ അവധി നല്‍കുന്നത് പഞ്ചാബിലാണ്. ഡിസംബര്‍ 22 മുതല്‍ ജനുവരി 10 വരെയാണ് അവിടെ ശൈത്യകാല അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

രാജസ്ഥാന്‍ – ഡിസംബര്‍ 25 മുതല്‍ ജനുവരി 5 വരെ

രാജസ്ഥാനിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 25 മുതല്‍ ജനുവരി 5 വരെ ശൈത്യകാല അവധിയായിരിക്കും.

ഹരിയാന, തെലങ്കാന, ആന്ധ്രപ്രദേശ്

ഹരിയാന: ഡിസംബര്‍ 25-ന് മാത്രം അവധി. ജനുവരിയിലെ ശൈത്യകാല അവധി പിന്നീട് പ്രഖ്യാപിക്കും.

തെലങ്കാന: മിഷനറി സ്‌കൂളുകള്‍ക്കും ക്രിസ്ത്യന്‍ മൈനോരിറ്റി സ്‌കൂളുകള്‍ക്കും ഡിസംബര്‍ 23 മുതല്‍ 27 വരെ അവധി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഡിസംബര്‍ 25ന് മാത്രമായിരിക്കും അവധി.

ആന്ധ്രപ്രദേശ്: ഔദ്യോഗിക വിജ്ഞാപനം ഉടന്‍ പ്രതീക്ഷിക്കുന്നു. ഡിസംബര്‍ 25 പൊതു അവധിയായിരിക്കും.

അതാത് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പുകള്‍ പുറപ്പെടുവിക്കുന്ന കൃത്യമായ സര്‍ക്കുലറുകള്‍ പരിശോധിക്കാന്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *