ടെഹ്‌റാൻ: ഇറാൻ ആക്രമിക്കാൻ ഉദ്ദേശ്യമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതായി ഇറാന്റെ പാകിസ്താനിലെ നയതന്ത്രപ്രതിനിധി റെസ അമീരി മൊഘദാം. ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും നിലവിലെ സാഹചര്യത്തെ ടെഹ്‌റാൻ സംയമനത്തോടെ നേരിടണമെന്ന് ട്രംപ് സൂചിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇറാനിൽ നടന്നുവരുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിലാണ് നയതന്ത്രപരമായ ഈ സംഭാഷണം നടന്നത്. പ്രതിഷേധങ്ങൾ കാരണം നിരവധി ആളുകൾ കൊല്ലപ്പെടുകയും പ്രാദേശിക പിരിമുറുക്കം വർധിക്കുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച പാകിസ്താൻ സമയം പുലർച്ചെ ഒരു മണിയോടെയാണ് തനിക്ക് ട്രംപിന്റെ സന്ദേശം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് മൊഘദാം പറഞ്ഞു. റിപ്പോർട്ട് അനുസരിച്ച്, ഇറാനിൽ കൊലപാതകങ്ങളും പള്ളികൾക്ക് നേരെയും ആക്രമണങ്ങളും ഉൾപ്പെടെയുള്ള അക്രമങ്ങളിൽ സായുധ ഗ്രൂപ്പുകൾക്ക് പങ്കുണ്ടെന്ന് മൊഘദാം ആരോപിച്ചു. പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതുമായി ബന്ധപ്പെട്ട് സൈനിക നടപടിയെക്കുറിച്ച് താൻ നിരീക്ഷിക്കും എന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, വ്യാഴാഴ്ച ഇറാൻ ഏതൊരു വിദേശ ഭീഷണിക്കെതിരെയും സ്വയം പ്രതിരോധിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.
സാമ്പത്തിക പരാതികളെത്തുടർന്ന് ആരംഭിച്ച പ്രതിഷേധം ഇറാന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ഭിന്നാഭിപ്രായങ്ങളോട് യാതൊരു തരത്തിലുള്ള സഹിഷ്ണുതയുമില്ലാതെയുള്ള അധികാരികളുടെ അടിച്ചമർത്തൽ കാരണം ഇറാനിൽ കുറഞ്ഞത് 3,428 പേരെങ്കിലും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ പറയുന്നു.

