കാൻബറ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വിയോഗത്തിൽ ലോകം ദുഃഖിക്കില്ലെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസി. ഇറാന്റെ ഭരണകൂടം ജനങ്ങളെ അടിച്ചമർത്തുന്ന ഒന്നാണെന്നും, ഇറാൻ ആണവായുധം കൈക്കലാക്കുന്നത് തടയാനുള്ള അമേരിക്കയുടെ നീക്കങ്ങൾക്ക് ഓസ്‌ട്രേലിയ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി തന്റെ നിലപാട് കടുപ്പിച്ചത്.
തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന ഇറാാനിലെ ധീരരായ ജനങ്ങൾക്കൊപ്പം ഓസ്‌ട്രേലിയ നിലകൊള്ളുന്നുവെന്ന് അൽബനീസി പറഞ്ഞു. “അടിച്ചമർത്തുന്ന ഒരു ഭരണകൂടത്തിനെതിരെ പൊരുതുന്ന ഇറാാനിലെ സാധാരണക്കാരുടെ പക്ഷത്താണ് ഞങ്ങൾ,” അദ്ദേഹം കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, വരും ദിവസങ്ങൾ ഏറെ പ്രയാസകരവും അനിശ്ചിതത്വം നിറഞ്ഞതുമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
മിഡിൽ ഈസ്റ്റിൽ ബന്ധുക്കളും സുഹൃത്തുക്കളുമുള്ള പതിനായിരക്കണക്കിന് ഓസ്‌ട്രേലിയക്കാരെ സംബന്ധിച്ചിടത്തോളം ഇത് കഠിനമായ സമയമാണെന്ന് താൻ മനസ്സിലാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മേഖലയിലെ സമാധാനത്തിന് ഇറാൻ ഭീഷണിയാണെന്ന നിലപാടിൽ മാറ്റമില്ലെന്നും ആണവ വ്യാപനം തടയുക എന്നത് ആഗോള സുരക്ഷയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം ആവർത്തിച്ചു.

