ചന്ദനക്കാംപാറ: ഇന്നലെ 2025 ഡിസംബർ 30. കലണ്ടറിലെ വെറുമൊരു തീയതിയല്ല ഇത്, ചന്ദനക്കാംപാറയുടെ ഹൃദയമിടിപ്പ് അല്പം കൂടിയ ദിവസമാണ്.വർഷങ്ങൾക്ക് ശേഷം ആ പഴയ ക്ലാസ്സ് മുറികളിലെ ചിരിയും കളിയും മടങ്ങിയെത്തിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണുപോലും ഈറനണിഞ്ഞു.
ആ സ്നേഹസംഗമത്തിന്റെ ഓർമ്മ പുസ്തകത്തിൽ നിന്ന് ചില വരികൾ പകർത്തട്ടെ.
കാലം മാറിയിട്ടുണ്ടാകാം, പ്രായം കൂടിയിട്ടുണ്ടാകാം, പക്ഷേ ആ സ്നേഹത്തിന് ഒട്ടും മാറ്റമില്ല! ചന്ദനക്കാംപാറ ചെറുപുഷ്പ യുപി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ നടന്ന പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമം കേവലം ഒരു ചടങ്ങല്ലായിരുന്നു; അതൊരു വികാരമായിരുന്നു.
പതിറ്റാണ്ടുകൾക്ക് മുമ്പ് പടിയിറങ്ങിപ്പോയ വികൃതിക്കുട്ടികളും, അവരെ നന്മയുടെ വഴിയിലേക്ക് നയിച്ച പ്രിയപ്പെട്ട അധ്യാപകരും ഒരിക്കൽകുടി വീണ്ടും കണ്ടുമുട്ടി. സ്കൂൾ യൂണിഫോം ഇട്ടിരുന്ന ആ കാലത്ത് നിന്ന്, ഇന്ന് പലരും പല മേഖലകളിൽ ഉന്നതങ്ങളിൽ എത്തിയിരിക്കുന്നു.എങ്കിലും, ചന്ദനക്കാംപാറ പാരിഷ് ഓഡിറ്റോറിയത്തിൽ ഇന്ന് അവർ വെറും ‘പഴയ കുട്ടികൾ’ മാത്രമായിരുന്നു.
സ്നേഹം നിറഞ്ഞ ആ നിമിഷങ്ങൾ
രാവിലെ 10 മണിക്ക് തന്നെ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു. സജീവ് ജോസഫ് എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് അധ്യക്ഷനായ ചടങ്ങിൽ, ഓർമ്മകളുടെ പഴയ പെട്ടി തുറന്നത് റെവ. ഡോ. ഫിലിപ്പ് കവിയിൽ ആയിരുന്നു.
തങ്ങളുടെ പഴയ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങി പിന്നീട് ആത്മീയ പാത സ്വീകരിച്ച വൈദികരും സന്യാസിമാരും ഈ ഒത്തുചേരലിന് എത്തിയത് ചടങ്ങിന് ഒരു ആത്മീയ പരിവേഷം കൂടി നൽകി. പഴയ ഗുരുക്കന്മാരെ ആദരിക്കുമ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പിയത് ആ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു.

ഹെഡ്മിസ്ട്രസ് വിജി മാത്യു തന്റെ പ്രസംഗത്തിൽ പഴയകാല ഓർമ്മകൾ പങ്കുവെച്ചു.മുൻ മാനേജർ ഫാ. ജെയിംസ് ചെല്ലങ്കോട്ട്, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി തുടങ്ങിയവരും സ്നേഹാശംസകളുമായി ഒപ്പമുണ്ടായിരുന്നു.ഉച്ചഭക്ഷണത്തിന് ശേഷവും പിരിയാൻ മനസ്സില്ലാതെ ഗ്രൂപ്പ് ഫോട്ടോകളും സെൽഫികളുമായി എല്ലാവരും തിരക്കിലായിരുന്നു. “നമുക്ക് ഇനിയും കാണണം” എന്ന ഉറച്ച വാക്കോടെയാണ് ഓരോരുത്തരും മടങ്ങിയത്. ചന്ദനക്കാംപാറ ഇന്ന് ശരിക്കും മനോഹരമായിരുന്നു. മുടി നരച്ച അധ്യാപകരുടെ കണ്ണുകളിലെ തിളക്കവും, വർഷങ്ങൾക്ക് ശേഷം കൈകോർത്ത സുഹൃത്തുക്കളുടെ ആവേശവും അവിടെ ഒരു പോസിറ്റീവ് വൈബ് തന്നെ നിറച്ചു. ഈ സുവർണ്ണ ജൂബിലി ആഘോഷം കേവലം ഒരു സ്കൂളിന്റേതല്ല, മറിച്ച് ഒരു നാടിന്റെ തന്നെ സ്നേഹത്തിന്റെ അടയാളമായിരുന്നു.

നമ്മളെ സ്വപ്നം കാണാൻ പഠിപ്പിച്ചവർ… ഇന്നും ആ പഴയ വാത്സല്യത്തോടെ ചേർത്തുപിടിച്ചപ്പോൾ കണ്ണൊന്നു നനഞ്ഞു. നന്ദി പ്രിയപ്പെട്ട ഗുരുക്കന്മാരേആൻപതാണ്ടു പിന്നിട്ടിട്ടും, പുതിയ മനോഹര സാമുച്ചയം ഉയർന്നിട്ടും ആ പഴയ ബെഞ്ചും, ആ പഴയ ചിരിയും! 50 വർഷത്തെ സ്നേഹം സഹൃദം ഒരു കുടക്കീഴിൽ വിരിഞ്ഞു നിന്നു. ചന്ദനക്കാംപാറയിൽ ഇന്ന് പെയ്തത് ഓർമ്മകളുടെ സ്നേഹ മഴയാണ്.
കാലം മാറിയാലും കോലം മാറിയാലും മാറാത്ത ചിലതുണ്ട്… നമ്മുടെ സ്കൂൾ കാലത്തെ ആ ചങ്ങാതിക്കൂട്ടവും പ്രിയപ്പെട്ട ഓർമ്മകളും!
തുടരട്ടെ മറക്കാത്ത ഓർമ്മകളുടെ ശുഭ യാത്ര…

