മസ്‌കത്ത് : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നല്കി ഒമാന്റെ ആദരവ്. ‘ഓര്‍ഡര്‍ ഓഫ് ഒമാന്‍’ പുരസ്‌കാരമാണ് ഒമാന്‍ സുല്‍ത്താന്‍ മോദിക്ക് സമ്മാനിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ഒമാന്‍ ബഹുമതി സമ്മാനിച്ചത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണു നരേന്ദ്ര മോദി ഒമാനില്‍ എത്തിയത്. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ സന്ദര്‍ശനം എന്ന പ്രത്യേകതയുമുണ്ട്.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര കരാറിലും ഒപ്പുവച്ചു. വ്യാപാരം, നിക്ഷേപം, ഊര്‍ജം, പ്രതിരോധം എന്നീ തന്ത്രപ്രധാന മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കും. നേരത്തേ ഒമാന്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ വച്ചു മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തിരുന്നു. മദീനത്തുല്‍ ഇര്‍ഫാന്‍ തിയറ്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. ‘സുഖമാണോ’ എന്നു മലയാളത്തില്‍ ചോദിച്ച ശേഷമാണ് മോദി സംസാരിച്ചത്. ഒമാനില്‍ ധാരാളം മലയാളികള്‍ ഉണ്ടെന്നും തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി ഭാഷകള്‍ സംസാരിക്കുന്നവരും രാജ്യത്തുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

