ന്യൂഡൽഹി: ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തിലും സാമൂഹിക നിയമങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ (One Nation, One Election), ‘ഏകീകൃത സിവിൽ കോഡ്’ (Uniform Civil Code) എന്നിവ നടപ്പിലാക്കുമെന്ന ഉറച്ച നിലപാടാണ് അദ്ദേഹം ആവർത്തിച്ചത്. മൂന്നാം മോദി സർക്കാരിന്റെ വികസന നയങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനം.
ലോക്സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന രീതി ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് തിരഞ്ഞെടുപ്പ് ചെലവുകൾ കുറയ്ക്കാനും ഭരണനിർവ്വഹണം കൂടുതൽ സുഗമമാക്കാനും സഹായിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇതിനായുള്ള കോവാവിന്ദ് കമ്മിറ്റി റിപ്പോർട്ട് സർക്കാർ ഗൗരവമായി പരിഗണിക്കുന്നു.മതം, ജാതി എന്നിവയ്ക്ക് അതീതമായി എല്ലാ പൗരന്മാർക്കും വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയിൽ തുല്യമായ നിയമം ഉറപ്പാക്കുന്ന ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയുടെ 44-ാം അനുച്ഛേദം വിഭാവനം ചെയ്യുന്ന ഈ ലക്ഷ്യം പൂർത്തീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളാണ് ഇത്തരം പരിഷ്കാരങ്ങളെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന നയം ഇതിലൂടെ കൂടുതൽ ശക്തമാകും.എന്നാൽ, ഇത്തരം നീക്കങ്ങൾ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും വൈവിധ്യത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികൾ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

